കണ്ണൂർ: കർണാടകയിലെ മാക്കൂട്ടത്ത് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കണ്ണൂരില്‍ കനത്ത മഴ. ജില്ലയിലെ മലയോര പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ വാഹന ഗതാഗതവും താറുമാറായി.
ഉരുൾപൊട്ടൽ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകി. ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീകണ്ഠാപുരത്തും മഴ തുടരുകയാണ്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.