കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയയറായി യുഡിഎഫിന്‍റെ പി.കെ രാഗേഷിനെ വീണ്ടും തിരഞ്ഞെടുത്തു. 55 അംഗ കൗൺസിലിൽ 28 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാർഥി പി.കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ട് ലഭിച്ചു. വരണാധികാരിയായ ജില്ല കലക്ടർ ടി.വി സുഭാഷിന്‍റെ അധ്യക്ഷതയിൽ കണ്ണൂർ കലക്‌ടറേറ്റ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. മുൻ ധാരണ പ്രകാരം മേയർ സുമാ ബാലകൃഷ്‌ണൻ സ്ഥാനം രാജിവച്ച് ലീഗിന് കൈമാറും.
രാവിലെ 11നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. യുഡിഎഫ് കൗൺസിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ സലീം ലീഗ് ജില്ല നേതൃത്വവുമായി ഇടഞ്ഞു എൽഡിഎഫ് പക്ഷത്തേക്ക് മാറിയപ്പോളാണ് പി.കെ രാഗേഷ് അവിശ്വാസത്തിലൂടെ പുറത്തായത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ കെ.പി.എ സലീമിനെ അനുനയിപ്പിച്ചു ലീഗ് പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. കോർപ്പറേഷൻ ഭരണം തിരിച്ച് പിടിക്കാൻ എന്ത് നെറികേടും ചെയ്യുന്ന സിപിഎമ്മിനേറ്റ തിരിച്ചടിയാണ് ഈ വിജയമെന്ന് പി.കെ രാഗേഷ് പറഞ്ഞു. ജനാധിപത്യത്തിന്‍റെ വിജയമെന്ന് കെ.സുധാകരൻ എം.പി പ്രതികരിച്ചു.
കുതിരക്കച്ചവടത്തെ പൊളിച്ചെന്ന് കെ.എം ഷാജി എംഎൽഎയും പറഞ്ഞു. കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. നാടകീയ രംഗങ്ങൾ ഒരുപാട് അരങ്ങേറിയ കണ്ണൂർ കൗൺസിലിൽ ഇനിയും ഒരു നാടകം ഉണ്ടാകരുതേ എന്നാണ് വോട്ടർമാരുടെ പ്രാർഥന.