കണ്ണൂര്‍: കോർപ്പറേഷൻ മേയർ പദവി മുസ്ലീം ലീഗിന് കൈമാറുന്ന കാര്യത്തിൽ ഞായറാഴ്‌ച കെ.സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമാകും. അവശേഷിക്കുന്ന ആറ് മാസം കോർപ്പറേഷൻ മേയർ പദവി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം യുഡിഎഫ് ചെയർമാന് കത്ത് നൽകിയിരുന്നു. മാർച്ച് നാലിനുള്ളിൽ നിലവിലുള്ള മേയർ സ്ഥാനം ഒഴിഞ്ഞ് മുസ്ലീം ലീഗിലെ അംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാൻ സൗകര്യമൊരുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ കെ.സുധാകരൻ എംപി കണ്ണൂരിൽ എത്തിച്ചേരാത്തതിനാല്‍ ഇത് സംബന്ധിച്ച തീരുമാനം വൈകുകയാണ്.
ആറ് മാസം മുമ്പ് ഭരണം പിടിച്ചെടുത്ത വേളയിൽ കോൺഗ്രസും മുസ്ലീം ലീഗും ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. നിലവിൽ കോൺഗ്രസിലെ മുതിർന്ന വനിതാ നേതാവ് സുമാ ബാലകൃഷ്‌ണനാണ് മേയർ സ്ഥാനം വഹിക്കുന്നത്. സുമാ ബാലകൃഷ്‌ണൻ രാജി വെച്ചാൽ മുസ്ലിം ലീഗിലെ മുതിർന്ന വനിതാ നേതാവ് സി.സീനത്ത് കണ്ണൂർ കോർപ്പറേഷൻ മേയറാകും. കോൺഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി.കെ.രാഗേഷിന്‍റെ പിന്തുണയിലാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. ശേഷിക്കുന്ന കാലയളവിൽ പി.കെ.രാഗേഷ് തന്നെ ഡെപ്യൂട്ടി മേയറായി തുടരും.