കണ്ണൂർ: കോർപ്പറേഷൻ മേയറായി യുഡിഎഫിലെ ടി ഒ മോഹനനെ തെരെഞ്ഞെടുത്തു. എൽഡിഎഫിലെ എൻ സുകന്യയെ 19ന് എതിരെ 33 വോട്ടുകൾക്കാണ് ടി.ഒ മോഹനൻ പരാജയപ്പെടുത്തിയത്. 55 അംഗ കൗൺസിലിൽ 34 സീറ്റുകളാണ് യുഡിഎഫിനുള്ളത്. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച സുരേഷും യുഡിഎഫിന് പിന്തുണ നൽകി.
ഒരു ലീഗ് അംഗം വോട്ടെടുപ്പിൽ എത്തിച്ചേരാതിരിക്കുകയും മുസ്ലിം ലീഗിലെ കെ ഷബീനയുടെ വോട്ട് അസാധുവാകുകയും ചെയ്‌തു. യുഡിഎഫിൻ്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാണ് ഷബീന. ഏക ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എൻ സുകന്യയ്ക്ക് 19 പേരുടെ പിന്തുണയാണ് ലഭിച്ചത്.
ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന ഇരിട്ടിയിൽ എൽഡിഎഫ് ഭരണത്തിലേറി. 33 സീറ്റുകളുള്ള നഗരസഭയിൽ 14 സീറ്റുകൾ നേടിയ എൽഡിഎഫാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. യുഡിഎഫിന് 11 സീറ്റുകളാണുള്ളത്. ബിജെപി അഞ്ച്, എസ്ഡിപിഐ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. എസ്ഡിപിഐ അംഗങ്ങൾ വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നതോടെയാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്.
അതിനിടെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. കെ അബ്‌ദുല്‍ ഖാദർ മൗലവിയുടെ വാഹനം കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിൽ പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. ലീഗിലെ കെ ഷബീന ടീച്ചറാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. നേരത്തെ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട ഷമീമ ടീച്ചറെ തഴഞ്ഞതിനെതിരെയാണ് പ്രതിഷേധം നടത്തിയത്. മുസ്ലീം ലീഗിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മേഖല ജനറൽ സെക്രട്ടറി റാഷിദ് താഴെത്തെരു രാജിവെച്ചു.