കണ്ണൂർ : ജില്ലയിലെ പ്രധാന തീരദേശ മേഖലയായ പഴയങ്ങാടി ചൂട്ടാട് പ്രദേശവും പുതിയ വളപ്പ് കടപ്പുറവും കടലെടുത്തു കൊണ്ടിരിക്കുകയാണ്. മാടായി-ചൂട്ടാട് ബീച്ചിൽ പുലിമുട്ട് നിർമിക്കുന്നതിന് സമീപത്താണ് കടൽ വ്യാപകമായി കരയെടുക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്തു സന്ദർശനം നടത്തിയ പയ്യന്നൂർ തഹസിൽദാർ എംകെ മനോജ് കുമാറിന്‍റെ നേതൃത്വത്തിള്ള സംഘം അടിയന്തരമായി പ്രശനത്തിന് പരിഹാരം കാണണമെന്ന നിർദേശമാണ് ഉന്നതതലത്തിൽ നൽകിയിട്ടുള്ളത്.
ഭൂരേഖ തഹസിൽദാർ ഇകെ രാജൻ, മാടായി വില്ലേജ് ഓഫിസർ പിവി സുരേഷ് കുമാർ, പഞ്ചായത്ത് അംഗം സമദ് ചൂട്ടാട്, ഒകെ രതീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. മഴ ശക്തമാകുന്നതിന് മുൻപ് തന്നെ കരയെടുക്കുനത് തീരദേശവാസികളെയും ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. 300 മീറ്ററോളം ഭാഗത്ത് ആറടി താഴ്‌ചയിൽ തീരം കടലെടുത്തു കഴിഞ്ഞു.
മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് ഈ പ്രദേശത്തെ താമസക്കാർ. പുലിമുട്ട് നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴ കനക്കുന്നതോടെ കടലാക്രമണത്തിന്‍റെ തോത് എത്രത്തോളമായിരിക്കുമെന്നത് റവന്യു ഉദ്യോഗസ്ഥർക്കും പറയാൻ കഴിയുന്നില്ല.
കടൽക്ഷോഭത്തിന് വഴിയൊരുക്കി മണലെടുപ്പും... മാടായി പഞ്ചായത്തിൽ സുനാമി ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമാണ് ചൂട്ടാട്. ഇവിടെ വ്യാപകമായ മണൽ കൊള്ളയും പതിവാണ്. നീരൊഴുക്ക് തടഞ്ഞ് സമാന്തര പാതയൊരുക്കിയാണ് കടപ്പുറത്തുനിന്നും മണൽ കടത്തുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണൽക്കടത്തു നടത്തുന്നത്. കടലും പുഴയും ചേരുന്ന അഴിമുഖമായതിനാൽ ഈ മണൽ കൊള്ള നാടിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയാണ്.
വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ വെള്ളം ഒഴുകിപ്പോകാനുള്ള നീർച്ചാൽ പാത മണ്ണിട്ട് അടച്ചാണ് മണൽ കടത്തുകാർ സമാന്തരപാത ഒരുക്കുന്നത്. വലിയ ലോറികളിൽ നിമിഷ വേഗത്തിൽ മണ്ണ് കടത്താനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.
കടലാക്രമണം തടയാൻ സർക്കാർ നട്ടുവളർത്തിയ കാറ്റാടി മരങ്ങളും കരയിടിഞ്ഞതിനെ തുടർന്ന് കടപുഴകി. മണലെടുപ്പാണ് ഇതിന് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സുനാമി ദുരന്ത സമയത്ത് വൻ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. നിരന്തരമായ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കടലാക്രമണം രൂക്ഷമാകാൻ കാരണമാകുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കുറയുമ്പോൾ; ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ചൂട്ടാട് അടുത്ത കാലത്താണ് ടൂറിസം കേന്ദ്രമായി മാറിയത്. നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന ചൂട്ടാട് ബീച്ചില്‍ സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കടല്‍ത്തീരം മോടിപിടിപ്പിച്ച് പ്രതിമാസം ലക്ഷക്കണക്കിനു രൂപയ്ക്ക് ഡിടിപിസി വാടകയ്ക്ക് നല്‍കിയെങ്കിലും യാതൊരു സുരക്ഷ സംവിധാനവും ഇവിടെ ഇല്ലെന്നതാണ് വസ്‌തുത.
കടലില്‍ ഇറങ്ങുന്നവരെ നിയന്ത്രിക്കാനോ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള ബോര്‍ഡുകളോ ബീച്ചിൽ സ്ഥാപിച്ചിട്ടില്ല. അതിനാൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ കടലില്‍ ഇറങ്ങുന്ന കാഴ്‌ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
ALSO READ : എങ്ങുമെത്താതെ കണ്ണൂരിലെ ദേശീയപാത നിർമാണം; മഴപ്പേടിയിൽ പുഴയോര മേഖല, മണ്ണിടിച്ചിൽ ഭീഷണിയിൽ ദേശീയപാത നിവാസികൾ