കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ പ്രകൃതി ദുരന്തങ്ങളുടെ ഭീതിയിലായി കണ്ണൂരിലെ മലയോര മേഖലയും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന നാശ നഷ്‌ടങ്ങളുടെ കണക്കും ദിനംപ്രതി കൂടിവരികയാണ്. കഴിഞ്ഞ ദിവസം ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മരുതുംതട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികള്‍.
ഉരുള്‍പൊട്ടലില്‍ കല്ലും, മണ്ണും ശക്തിയായാണ് താഴേക്ക് കുത്തിയൊലിച്ചത്. ശക്തിയായി എത്തിയ വെള്ളപ്പാച്ചില്‍ പ്രദേശത്തുള്ള നീര്‍ച്ചാലിലൂടെ ഒഴുകിയത് കാരണം വന്‍ ദുരന്തം ഒഴിവായി. തിമിര്‍ത്ത് പെയ്‌ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സ്ഥലത്ത് വ്യാപകമായി കൃഷി നശിച്ചു.
തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകളും വട്ട, മരുത്, തേക്ക് തുടങ്ങിയ കാട്ടുമരങ്ങളും കടപുഴകി ഒലിച്ചു പോയി. പ്രദേശത്തെ തോടുകളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 2020ലും ഇവിടെ ചെറിയ രീതിയിൽ ഉരുൾപൊട്ടിയിരുന്നു.
ജനകീയ സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന രാജഗിരി കരിങ്കൽ ക്വാറിയ്‌ക്ക് സമീപത്ത് ദുരന്തം ഉണ്ടായതിലും നാട്ടുകാര്‍ ആശങ്കയിലാണ്. കഴിഞ്ഞ 30 വർഷത്തിലധികമായി കുടിയേറി പാർത്തവർ പ്രകൃതിയുടെ വികൃതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. വീണ്ടും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാല്‍ ഓരോ നിമിഷവും ഭയപ്പെട്ടാണ് പ്രദേശത്തെ കുടുംബങ്ങള്‍ കഴിയുന്നത്.