കണ്ണൂർ: ജയിലുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിലും നടപടികൾ ആരംഭിച്ചു. പ്രത്യേക സുരക്ഷക്കായി സ്കോർപിയോ വിഭാഗത്തേയും ഡോഗ് സ്ക്വാഡിനേയും നിയോഗിച്ചു. സിസിടിവി ക്യാമറകളും മൊബൈൽ ജാമറുകളും ഉടൻ സ്ഥാപിക്കും. ജയിൽ ഡിജിപിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റതിന് പിന്നാലെ ജയിലുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നത്.
തുടർച്ചയായി നടത്തിയ പരിശോധനയിൽ മുപ്പതിലേറെ മൊബൈൽ ഫോണുകളും കഞ്ചാവും മറ്റ് ലഹരി ഉൽപന്നങ്ങളും കണ്ണൂർ സെൻട്രൽ ജയിലില്‍ നിന്ന് മാത്രം കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തിൽ 135 സിസിടിവി ക്യാമറകളാണ് കണ്ണൂർ ജയിലിൽ സ്ഥാപിക്കുക. എല്ലാ ബ്ലോക്കിലും ക്യാമറകൾ സജ്ജമാക്കും. ഇതോടൊപ്പം മൊബൈൽ ജാമറുകളും സ്ഥാപിക്കും. കോൾ ഡിറ്റക്ടറും ബാഗേജ് സ്‌കാനറുകളും ജയിയില്‍ ഉണ്ടാകും. തടവുകാരുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ലോഹം ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണിത്. ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കും.
ജയിൽ സുരക്ഷക്കായി പ്രത്യേക സേന വിഭാഗത്തെയും നിയമിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ 15 അംഗങ്ങളെയാണ് നിയമിച്ചത്. മദ്യം, കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും ജയിലിൽ ഉണ്ടാകും. ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയ സംഭവത്തിൽ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.