കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണുംനട്ടിരിക്കുകയാണ് കണ്ണൂരുകാർ. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ചായ കോർപ്പറേഷൻ ഫലം തന്നെയാണ് നിർണായകം. കൈവിട്ട് പോയത് തിരിച്ച് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ യുഡിഎഫിന് തലവേദന പതിവ് പോലെ തന്നെ വിമത ശല്യമാണ്. കിട്ടിയത് നിലനിർത്താൻ ശക്തമായി രംഗത്തിറങ്ങിയ എൽഡിഎഫിന് പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. പതിവിൽ നിന്ന് വിപരീതമായി മേയര്‍ സ്ഥാനാര്‍ഥിയെ ഉയർത്തി കാണിച്ചാണ് മുന്നണി വോട്ട് ചോദിച്ചത്. എൻ. സുകന്യയെയാണ് മേയർ സ്ഥാനത്തേയ്ക്ക് എല്‍ഡിഎഫ് പരിഗണിച്ചത്. 55 ൽ 54 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയ എൻഡിഎ, കോർപ്പറേഷൻ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ഘടകമാകുമെന്ന പ്രതീക്ഷയിലാണ്.
കന്നി അംഗത്വം ലക്ഷ്യമിടുന്ന ബിജെപി മൂന്ന് സീറ്റ് വരെ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലാപഞ്ചായത്തിൽ വൻ ഭൂരിപക്ഷമുള്ള എൽഡിഎഫിന് നിലവിൽ തോൽവി ഭയമില്ല. യുഡിഎഫും എൽഡിഎഫും 5-3 എന്ന നിലയിൽ ഭരിക്കുന്ന എട്ട് നഗരസഭകളിൽ അട്ടിമറികൾ നടത്തുമെന്നാണ് ബിജെപി ഉറപ്പിച്ച് പറയുന്നത്. പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിക്കുന്ന ആന്തൂരിൽ എതിർ പക്ഷത്ത് നിന്ന് ആരെങ്കിലും എത്തുമോ എന്നതും പ്രസക്തമാണ്. ബ്ലോക്ക് പഞ്ചായത്തിൽ പതിനൊന്നും തൂത്തുവാരിയ എൽഡിഎഫ് ഗ്രാമപഞ്ചായത്തുകളിലും മികച്ച പ്രതീക്ഷയിലാണ്. എന്തായാലും ഭരണത്തിൽ എൽഡിഎഫ് മേൽക്കോയ്‌മ തുടരുമെന്നിരിക്കെ പ്രതിപക്ഷത്തിന് എത്രത്തോളം അതിൽ വിള്ളൽ വരുത്താൻ കഴിയും എന്നതും ഏറെ പ്രസക്തമാണ്.