കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ താമസക്കാരനായ രഘു (43) ആണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയ രഘുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. എന്നാല്‍ രഘുവിന്‍റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ആക്രമണം ഭയന്ന് ഓടി രക്ഷപെടുകയായിരുന്നു. കൊല്ലപ്പെട്ട രഘുവിന്‍റെ മൃതദേഹം പേരാവൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകൾ നടക്കും.
ഒന്നുമാകാതെ പ്രതിരോധ മതില്‍: കഴിഞ്ഞ ഒരു വർഷത്തിനിടെ ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ ആയി 12 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരന്തരമായി കാട്ടാന അക്രമം നേരിടുന്ന ഇവിടെ ആന പ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനിച്ചുവെങ്കിലും എവിടെയും എത്തിയിരുന്നില്ല. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണമായി പ്രതിരോധിക്കാനുള്ള മികച്ച മാർഗമെന്നു പ്രദേശവാസികളും വിവിധ രാഷ്ട്രീയ- സംഘടനാ തൊഴിലാളി യൂണിയനുകളും പറഞ്ഞിരുന്നു.
മതിൽ നിലവിലുള്ള ഭാഗത്തുകൂടി ആനകൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്ന അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിസരവാസികൾ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയതിന്‍റെ അവസാന ഇരയാണ് രഘു.
അതേസമയം ഇടുക്കി, പാലക്കാട് തുടങ്ങിയുള്ള ജില്ലകളിലും കാട്ടാന ശല്യം വര്‍ധിക്കുകയാണ്. പാലക്കാട് അട്ടപ്പാടി മലയോര മേഖലയില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ കാട്ടാന ആക്രമണത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബറില്‍ പുലര്‍ച്ചെ ഒറ്റയാന്‍റെ മുന്നിലകപ്പെട്ട് ഷോളയൂര്‍ പഞ്ചായത്ത് ഊത്തുക്കുഴി ഊരിലെ ലക്ഷ്‌മണന്‍ (46) എന്നയാളും കൊല്ലപ്പെട്ടിരുന്നു. സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്ക് പോകുന്നതിനായി റോഡിലൂടെ നടന്നു പോകവെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രണത്തിന് ശേഷം ഊത്തുകുഴിക്ക് സമീപത്തുള്ള കൃഷിയിടത്തില്‍ കയറിയ ആനയെ വനം വകുപ്പിന്‍റെ ദ്രുത പ്രതികരണ സേനയും നാട്ടുകാരും ചേര്‍ന്ന് തുരത്തിയാണ് തിരികെ കാട്ടിലേക്ക് കയറ്റിയത്.
ഈ സംഭവത്തിന് രണ്ടാഴ്‌ച മുമ്പേ വരഗാര്‍ പുഴയ്‌ക്ക് സമീപത്ത് വച്ചാണ് ആനയുടെ ആക്രമണത്തില്‍ മുരുകന്‍ (45) എന്നയാളും കൊല്ലപ്പെട്ടിരുന്നു. മേലേ ഉമ്മത്താംപടിയില്‍ നിന്നും പട്ടണക്കല്ല് ഊരിലേക്ക് പോകുന്നതിനിടെ പുഴയ്‌ക്ക് സമീപത്ത് വച്ച് വിശ്രമിക്കുന്നതിനിടെയാണ് മുരുകനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സമീപത്തെ കൃഷിയിടത്തില്‍ കയറിയ കൊമ്പനെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
അതേസമയം അട്ടപ്പാടി മേഖലയില്‍ കാട്ടാനകളുടെ ശല്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. മുമ്പ് പാലൂരില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേ ആന പാഞ്ഞടുക്കുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറില്‍ അഞ്ച് പേരും പുതൂര്‍ ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ളവരായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനഞ്ചോളം പേര്‍ക്കും കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. ഇതില്‍ മിക്കവര്‍ക്ക് നേരെയും രാത്രിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായിരിക്കുന്നത്. കൂടാതെ പത്ത് വീടും 600 ഹെക്‌ടറോളം കൃഷിഭൂമിയും കഴിഞ്ഞ വര്‍ഷം കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്.