കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കനിവ് 108 പദ്ധതിയുടെ ഭാഗമായ സൗജന്യ ആംബുലൻസ് സേവനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പദ്ധതി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിൽ 100 ആംബുലൻസുകളാണ് പുറത്തിറക്കിയത്. പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ മാസം തിരുവനന്തരത്ത് ഉദ്ഘാടനം ചെയ്തിരുന്നു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്കാണ് ആംബുലൻസുകൾ ലഭ്യമാക്കുക.
315 അപകട മേഖലകളിലാണ് ആംബുലൻസുകളെ വിന്യസിക്കുക. പരിശീലനം ലഭിച്ച ടെക്നീഷ്യൻ ഉൾപ്പെടെയുള്ളതാണ് 108 ആംബുലൻസ്. കണ്ണൂർ ജില്ലക്ക് 21 ആംബുലൻസുകളാണ് നൽകുന്നത്. ഈ മാസം 25ഓടെ ആംബുലൻസുകൾ പ്രവർത്തനസജ്ജമാകും. കേരളത്തിന് വളരെ ആശ്വാസകരമായ പദ്ധതികളാണ് ഗവൺമെന്റ് നടപ്പാക്കി വരുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മുൻകൂട്ടി കാൻസർ കണ്ടെത്തുന്നതിനുള്ള പരിശോധന സൗകര്യം എല്ലാ ജില്ലകളിലും ഏർപ്പെടുത്തുകയാണ്. 2019ൽ പകർച്ചവ്യാധി കുറക്കാൻ സാധിച്ചു. ഒരു വർഷം 3500 ലേറെ പേർക്കാണ് റോഡപകടങ്ങളിൻ ജീവൻ നഷ്ടപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനങ്ങളുടെ അനിയന്ത്രിതമായ വർധനവും നിയമലംഘനവുമാണ് റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.