കണ്ണൂർ : ഒന്ന് കണ്ണോടിച്ചാൽ എത്രയെത്ര കലാകാരന്മാരാണ് നമുക്ക് ചുറ്റും. ശാസ്‌ത്രീയ പഠനത്തിലൂടെ അല്ലാതെ, ആർജിച്ചെടുത്ത കഴിവുകൾകൊണ്ട് തിളങ്ങുന്ന കലാകാരന്മാരും അനേകം. അങ്ങനെ ഒരു കലാകാരനാണ് കണ്ണൂർ പിലാത്തറ പെരിയാട്ടെ കെ കമൽ. ജന്മദേശമായ കണ്ണൂർ കുഞ്ഞിമംഗലത്തിന്‍റെ ദേശ പെരുമയിൽ നിന്ന് ആർജിച്ചെടുത്തതാണ് കമല്‍ ഈ കൈവിരുത് (kamal sculptor from pilathara kannur art of sculpture).
ശിൽപികളുടെ നാട് കൂടിയാണ് കുഞ്ഞിമംഗലം. ചെറുപ്പം മുതൽ ഉള്ള താത്പര്യവും ശിൽപ നിർമാണത്തിന് കമലിന് വഴി കാട്ടി ആയി. ഏറ്റവും ഒടുവിൽ തലശേരി ധർമ്മടത്തെ നുരുമ്പിൽ ശ്രീനാരായണ മഠത്തിന് വേണ്ടി ശ്രീനാരായണ ഗുരുവിന്‍റെ ജീവൻ തുടിക്കുന്ന ശിൽപം ഒരുക്കിയിരിക്കുകയാണ് ഈ കലാകാരൻ.
കുഞ്ഞിമംഗലം സ്വദേശി കൂടിയായ അന്തരിച്ച ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററാണ് കെ കമലിന് ശിൽപ കലയിൽ പ്രചോദനം ആയത്. 8 വർഷം മുൻപാണ് കമൽ പിലാത്തറയിലേക്ക് താമസം മാറുന്നത്.
ശാസ്‌ത്രീയമായ പഠനം ഇല്ലാതെ ഇതിനകം ജില്ലയുടെ പലഭാഗങ്ങളിൽ ആയി എട്ടോളം ശിൽപങ്ങൾ കമൽ ഒരുക്കി കഴിഞ്ഞു. പയ്യന്നൂർ ആരോഗ്യ നികേതനിലെ പൂർണകായ ഗാന്ധി പ്രതിമയാണ് കമലിന്‍റെ ആദ്യ ശിൽപം. 17 വർഷമായി ശിൽപ കലയിൽ സജീവം ആണ് കമൽ.
ഗാന്ധി ശിൽപങ്ങളെ കൂടുതൽ പ്രണയിച്ച കമൽ ഒഴിവു സമയം കണ്ടെത്തിയാണ് ശിൽപ നിർമാണത്തിൽ സജീവം ആകുന്നത്. എന്ത് കൊണ്ട് ഗാന്ധിയോടുള്ള പ്രണയം എന്ന ചോദ്യത്തിന് ശിൽപിക്ക് പറയാനുള്ളത് ഇത്ര മാത്രം. എല്ലാ ശിൽപികളും ഇഷ്‌ടപ്പെടുന്നതും ഏറ്റവും കൂടുതൽ ചെയ്‌തതും ഗാന്ധിജി ആയിരിക്കും.
ആദ്യം ക്ലേയിൽ രൂപം ഉണ്ടാക്കുന്നതാണ് ശിൽപ നിർമ്മാണത്തിന്‍റെ തുടക്കം. പിന്നീട് ആവശ്യക്കാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു വെങ്കലത്തിലും സിമന്‍റിലും മാറ്റി ഒരുക്കി കൊടുക്കുന്നതാണ് പതിവ്. ഒരുമാസത്തോളം സമയം എടുത്താണ് ശിൽപം പൂർത്തിയാക്കുന്നത്.
ശ്രീനാരായാണ പ്രതിമയ്‌ക്ക് പുറമെ കാസർകോട് മുൻ എംപി ടി ഗോവിന്ദന്‍റെ പിതാവ് ടി ടി രാമ പണിക്കരുടെയും ഗാന്ധിയുടെയും ഫൈബർ പ്രതിമകൾ കമലിന്‍റെ വീട്ടിൽ ഒരുങ്ങി കഴിഞ്ഞു. എങ്കിലും അപൂർവമായ ഇത്തരം ശിൽപങ്ങൾക്ക് അപ്പുറം ശിൽപ കലയുടെ പ്രതിസന്ധികളും കമലിന് പറയാനുണ്ട്.
എത്രയെത്ര കലാകാരന്മാരെയാണ് സമൂഹം അവഗണിക്കുന്നത്. യാഥാർഥത്തിൽ ശിൽപകലയിൽ പ്രാവീണ്യം ഉള്ള ഒരാൾക്ക് മറ്റു ജോലികളിൽ തുടരുക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണെന്നതാണ് വസ്‌തുത. എത്ര ആത്മാർഥത കാട്ടി ജോലി പൂർത്തീകരിച്ചാലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് പറയാതെ പറയുകയാണ് കമൽ.