കണ്ണൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്തണമെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്ന് കെ. സുധാകരൻ എംപി. ബിജെപിക്കെതിരെ കോൺഗ്രസിന് ഒപ്പം നിൽക്കണമെന്ന് പറഞ്ഞ സീതാറാം യെച്ചൂരിയെ ഒറ്റപ്പെടുത്തിയ ആളാണ് പിണറായി വിജയനെന്നും യെച്ചൂരിക്ക് ഇല്ലാത്ത അഭിപ്രായമാണ് പിണറായിയുടേതെന്നും കെ. സുധാകരന്‍ പറഞ്ഞു. ബിജെപിയുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയൻ ആദ്യമായി നിയമസഭയിൽ എത്തിയത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ബിജെപിയുടേയും സിപിഎമ്മിന്‍റെയും നിലപാടുകളോട് കോൺഗ്രസിന് ഒരു പോലെ എതിർപ്പാണെന്നും സുധാകരൻ പറഞ്ഞു.
സമരം സംഘടിപ്പിക്കാൻ സിപിഎമ്മിന്റെ വാടക കാൽ കോൺഗ്രസിന് വേണ്ടെന്നും കേരളത്തിൽ സമരം ചെയ്യുന്നവരെ പൊലീസിനെ വിട്ട് തല്ലി ചതയ്ക്കുന്ന മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ആത്മാർത്ഥയില്ലെന്നും സുധാകരന്‍ ആരോപിച്ചു. അധികാരം ഉപയോഗിച്ച് സമരത്തെ നേരിടുന്നത് പിണറായി വിജയനാണ്. സംയുക്ത പ്രക്ഷോഭത്തിൽ പങ്കുചേർന്ന രമേശ് ചെന്നിത്തലക്ക് തെറ്റ് പറ്റിയിട്ടില്ല. ചെറിയ ദോഷത്തോടൊപ്പം അതിന് ഗുണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നത്. ആനപ്പുറത്ത് പോകുന്നവനോട് പട്ടി കുരയ്ക്കുന്നത് പോലെയാണ് രാജ്യത്തെ അവസ്ഥയെന്നും കെ.സുധാകരൻ പറഞ്ഞു. ഇത്രയേറെ പ്രതിഷേധം ഉയർന്നിട്ടും പ്രധാനമന്ത്രിയും മന്ത്രിമാരും പുനർചിന്തനത്തിന് തയ്യാറായിട്ടില്ലെന്നും അധികാരത്തിന് വേണ്ടിയല്ല കോൺഗ്രസ് ശ്രമിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഭാരവാഹിത്വത്തിൽ ജംബോ കമ്മറ്റി ഉണ്ടാവില്ലെന്നും അതിൽ ആർക്കും ഒരു ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ഒരു പദവി എന്ന നിലപാട് തന്നെയാണ് നല്ലത്. സംഘടനാ രംഗത്ത് നിൽക്കാനാണ് തനിക്ക് കൂടുതൽ താല്പര്യം. ഒരു സ്ഥാനം മാത്രം ഏറ്റെടുക്കാൻ പാർട്ടി പറഞ്ഞാൽ എംപി സ്ഥാനം ഒഴിയാൻ തനിക്ക് മടിയില്ലെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.