കണ്ണൂര്‍: ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയും സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അഴിമതിയുടെയും ചുരുളുകൾ അഴിയുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ നാടിനെ അമ്പരപ്പിച്ചു. മുഖ്യമന്ത്രി തുടരണോ എന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉൾപ്പെട്ട കേസാണിതെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ പിണറായി വിജയൻ തയ്യാറാകണം. മുഖ്യമന്ത്രി രാജ്യത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് ഒതുക്കി തീർക്കാൻ ബിജെപിയും ശ്രമിച്ചതിനാൽ സിബിഐയോ ജുഡിഷ്യറിയോ കേസ് തെളിയിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സുധാകരൻ വ്യക്തമാക്കി. ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണം കടത്തി എന്നുള്ളത് ചരിത്രത്തിലാദ്യമാണ്. ഒരു മണിക്കൂർ മുഖ്യമന്ത്രിക്ക് കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല. ഇഡിയുടെ അന്വേഷണം സുതാര്യമല്ല. സ്വപ്നയ്ക്ക് സുരക്ഷ നൽകേണ്ടത് കോടതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിലെ ജനവിധിക്ക് ശേഷം മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി വന്നതു കൊണ്ടാണ് വോട്ട് കുറഞ്ഞതെന്നും തുടർ പ്രതിഷേധം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.