കണ്ണൂർ: പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി (CPIM Secretary) എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്‍റ് (KPCC President) കെ സുധാകരന്‍ പരിഹസിച്ചു. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ (capsule) അറിയാതെ അദ്ദേഹത്തിന്‍റെ നാവില്‍നിന്നു പുറത്തുവന്നു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നത് എന്നും സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച ഗോവിന്ദൻ മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണിയാണ് കൊടുത്തത്. ഗോവിന്ദനെ സഹായിക്കാന്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി. ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്‍ അഴുകുകയും ചെയ്‌തു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട് എന്നും സുധാകരൻ വ്യക്തമാക്കി.
പിണറായി വിജയന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്‍ ഒരു നേര്‍ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണ് ചെയ്‌തത്. പിണറായിയുടെ മാടമ്പി സ്വഭാവം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സഹിക്കാവുന്നതിനപ്പുറമാണ്. ഇടതുമുന്നണിയിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്‌ടപ്പെട്ടതായും കര്‍ഷകരുടെ അന്നവും സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സര്‍ക്കാരാണിത് എന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഇടതുമുന്നണിയുടെ തകര്‍ച്ചയുടെ ആഘാതം കൂട്ടുന്നതായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന്‍റെ ആവര്‍ത്തനം ഇത്തവണ പുതുപ്പള്ളിയിലും ഉണ്ടായിട്ടുണ്ട്. ചില ബൂത്തുകളില്‍ പോളിങ് വൈകിയതിനാല്‍ ഒട്ടേറെ പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. സാങ്കേതിക തകരാര്‍ എന്നാണ് വിശദീകരണമെങ്കിലും ഇത് പരിശോധിക്കേണ്ട വിഷയമാണ്. പുതുപ്പള്ളിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞതിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.
ALSO READ: പ്രധാനമന്ത്രി നടത്തുന്നത് കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന് എംവി ഗോവിന്ദന്‍
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എം വി ഗോവിന്ദന്‍: ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്നും രാജ്യത്തിന്‍റെ വികസനമെന്നത് കോര്‍പ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ് ഏത് ഭരണാധികാരിയേയും നയിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ഒരു സര്‍ക്കാരിന്‍റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും - സാമ്പത്തികവുമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുകയെന്നതും ഏറ്റവും പ്രധാനമാണ്. സമത്വമെന്ന ആശയമാവണം ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. അതില്‍ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.
ALSO READ: 'മിത്ത് വിവാദത്തില്‍ മലക്കംമറിഞ്ഞ എംവി ഗോവിന്ദന്‍ സ്‌പീക്കറിനെ കൂടി തിരുത്തണം'; കെ സുധാകരന്‍