കണ്ണൂർ: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന് സമർപ്പിക്കാൻ സംസ്‌കൃതത്തില്‍ ദേശഭക്തിഗാന ആൽബം ഒരുക്കി ജവാന്മാർ. തട്ടയിൽ മനോജ് കുമാർ ഐശ്വര്യ "ജയ ജയ ഭാരതം..." വരികളായി കുറിച്ചപ്പോൾ പ്രിയേഷ് പേരാവൂർ ഗാനത്തിന് ശബ്‌ദം നൽകി. ദേശഭക്തി സ്‌ഫുരിക്കുന്ന ഗാനത്തിന് ഈണം പകർന്നതും പ്രിയേഷ് തന്നെയാണ്. ബെംഗളൂരുവിൽ സൈനിക ഉദ്യോസ്ഥരായ ഇരുവരും ചേർന്നായിരുന്നു ഭാരതസേനയുടെ സ്വന്തം ദേശഭക്തിഗാനമായ "ജാൻ സെ പ്യാരാ ഭാരത്" എന്ന ഹിന്ദി ഗാനം തയ്യാറാക്കിയതും. സംസ്‌കൃത ദേശഭക്തിഗാനങ്ങൾ അധികം പ്രചാരത്തിൽ ഇല്ലാത്തതിനാൽ ജയ ജയ ഭാരതം മറ്റ് ദേശഭക്തി ഗാനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. വിജയ് സിധേഷ് കൃഷ്ണൻ, റോബിൻ സിംഗ് മണിപ്പൂർ, ശാന്ത രാജ്, എം. സജീവൻ, പ്രദീപ് കുമാർ മട്ടന്നൂർ, നന്ദലാൽ കെ.പി, ഡെറിക്ക് ബെർണാർഡ് എന്നിവരാണ് ആൽബത്തിന്‍റെ പശ്ചാത്തലത്തിൽ അണിനിരക്കുന്നത്.
ഭാരത മാതാവിനെ കർമോജ്വല ഗുണസഹിതയായും ജഗദ്ഗുരുവായും ഗാനത്തിൽ വർണിക്കുന്നുണ്ട്. സകല ലോകാരാധ്യയായ ഭാരതാംബ, സുകൃതികളുടെ അഭയസ്ഥാനവും ഹിമഗിരിയുടെ മാനസപുത്രിയുമാണെന്ന് വരികൾ വിവരിക്കുന്നു.