കണ്ണൂർ: പാനൂർ മേഖലയിൽ കൂടി കടന്നു പോകുന്ന നിർദ്ദിഷ്ട ജലപാതക്കെതിരെ ഒരിടവേളക്ക് ശേഷം വീണ്ടും പ്രതിഷേധം ശക്തമാകുകയാണ്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 93 കുടുംബങ്ങള്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു. സമരത്തിന് തുടക്കം കുറിച്ച് പാനൂരില്‍ നടത്തിയ ധര്‍ണയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.
അശാസ്ത്രീയമായ അലൈൻമെന്‍റ് ഉപേക്ഷിക്കുക, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം പദ്ധതിയെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിക്കുക, രാഷ്ടീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കുക, വീടുകളേക്കാൾ പ്രാധാന്യം 220 കെവി ഹൈടെൻഷൻ ലൈനുകൾക്ക് നൽകിയത് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന ധര്‍ണ പാനൂര്‍ നഗരസഭാ അധ്യക്ഷ കെവി റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിപി മുകുന്ദൻ, കെകെ ബാലകൃഷ്ണൻ, കെവി മനോഹരൻ, എൻ രതി തുടങ്ങിയവർ പങ്കെടുത്തു.