കണ്ണൂര്‍: നാവിക അക്കാദമിയുടെ നേതൃത്വത്തിലുള്ള ആവേശകരമായ പത്താമത് പായ് വഞ്ചിയോട്ട മത്സരത്തിൽ ഇസ്രായേൽ ജേതാക്കളായി. യുഎസ്എയും സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യൻ നേവൽ അക്കാദമി, ഖടക് വാസ്ല നാഷണൽ ഡിഫെൻസ് അക്കാദമിക്ക് പുറമെ 27 രാജ്യങ്ങളിൽ നിന്നുള്ളവരും മത്സരത്തിൽ പങ്കെടുത്തു.
ഇസ്രയേലിനെ പ്രതിനിധീകരിച്ച ഇറ്റായ് മൊർദോച്ചി ഷ്രോയിറ്റ്, ഇഡോ മസോർ സഖ്യമാണ് പത്താമത് അഡ്‌മിറൽ കപ്പിൽ മുത്തമിട്ടത്. പുരുഷ വിഭാഗത്തിൽ ഇസ്രായേലിന്‍റെ ഇറ്റായ് മൊർദോച്ചി ഷ്രോയിറ്റ് ഒന്നും റഷ്യയുടെ ഗോർകുനോവ് പെറ്റർ രണ്ടാംസ്ഥാനവും നേടി. വനിതാവിഭാഗത്തിൽ യുഎസ്എയുടെ കെല്ലി മില്ലിക്കൻ ഒന്നും യുകെയുടെ അന്ന ബെൽ ഷാർലറ്റ് വോസ് രണ്ടാംസ്ഥാനവും നേടി. എട്ടിക്കുളം ബീച്ചിൽ കരയിൽ നിന്നും ഒന്നരമീറ്റർ അകലെയാണ് മത്സരങ്ങൾ നടന്നത്.