കണ്ണൂര്‍: മാർച്ച് മാസത്തോടെ കണ്ണൂരിനെ ഭവനരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. മാങ്ങാട്ടുപറമ്പ് കണ്ണൂർ എഞ്ചിനീയറിങ് കോളജിൽ കണ്ണൂർ ജില്ലാ ലൈഫ് മിഷൻ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഭവന രഹിതർക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും കാര്യക്ഷമമായി നടപ്പിലാക്കിയില്ല. രണ്ട് ലക്ഷത്തോളം പേർ ഇതിൽപ്പെട്ടുകിടക്കുകയാണ്. ഇവർക്ക് മുൻഗണന നൽകി വീട് നിർമിച്ചു നൽകും. രണ്ടാം ഘട്ടത്തില്‍ സ്വന്തമായി സ്ഥലമുള്ള ഭവന രഹിതർക്ക് വീടുവെച്ച് നൽകും. മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവുമില്ലാത്തവർക്കും വീട് നൽകും. അങ്ങനെ മാർച്ച് മാസത്തോടെ കണ്ണൂരിനെ ഭവനരഹിതരില്ലാത്ത ജില്ലയായി പ്രഖ്യപിക്കുമെന്ന് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു.
സംഗമത്തിൽ ദേശീയ സരസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആരോഗ്യ ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനയെയും ആദരിച്ചു. ജെയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമള ടീച്ചർ, വൈസ് ചെയർമാൻ ഷാജു, പ്രദീപ് കുമാർ എന്നിവർ ചടങ്ങില്‍ സംസാരിച്ചു.