കണ്ണൂർ: ജില്ലയിലെ മലയോര പ്രദേശങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻതോതിൽ വാഷ് പിടികൂടി. കൂത്തുപറമ്പ്, പേരാവൂർ എന്നീ പ്രദേശങ്ങളിലെ വാറ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ചാരായം നിർമിക്കാനായി തയ്യാറാക്കി വെച്ചിരുന്ന 1,700 ലിറ്ററോളം വാഷ് എക്സൈസ് പിടികൂടിയത്.
ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിൽ പേരാവൂർ മഠപ്പുരച്ചാൽ സ്വദേശി മാത്തച്ചന്‍റെ വീട്ടിൽ നിന്നും 200 ലിറ്റർ വാഷ്, 10 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രിവന്‍റീവ് ഓഫീസർ എം.പി സജീവന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം ജയിംസ് ,സതീഷ് വി.എൻ ,വിഷ്ണു എൻ.സി, അഖിൽ.പി.ജി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും മലയോര മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ.