കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും നിരവധി പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. പഴയങ്ങാടി പൊടിത്തടത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 40ലേറെ മരങ്ങള്‍ കടപുഴകി. പൊടിത്തടത്ത് ആനന്ദ തീര്‍ഥ സ്മാരക മന്ദിരത്തിന് സമീപത്തെ യു സജിത്ത് കുമാര്‍, ടി രജിത, സി രാജന്‍, ഗിരിധര ബാബു എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായ നാശമുണ്ടായത്. ആളപായമില്ല. വിവിധയിടങ്ങളില്‍ വൈദ്യുത ലൈനുകളും പൊട്ടിവീണു. മൂന്നുദിവസം തുടർച്ചയായി പെയ്യുന്ന മഴ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സുഭിക്ഷകേരളം പദ്ധതിയിലൂടെ നടപ്പാക്കിയ 27 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലാക്കി.
കുറ്റ്യാട്ടൂർ പാടശേഖരം, പാവന്നൂർ പാടശേഖരം, കുറുവോട്ടുമൂല, നിടുകുളം പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളത്തിനടിയിലായത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനുമാണ് നിര്‍ദേശം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും മഴയില്‍ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇന്നും വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതവും നിരോധിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള-കര്‍ണാടക തീരദേശം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.