കണ്ണൂർ: ഡോക്ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നതിനോട് സർക്കാരിന് എതിർപ്പുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം കാരണം ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ല. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്, എന്നാൽ അത് ആരുടേയും ജീവനെടുക്കാൻ കാരണമാകരുതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താം. എന്നാൽ അത് കൃത്യമായ പരിശീലനത്തിനും മാനദണ്ഡങ്ങൾക്കും ശേഷമേ പാടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വർധനവ് ഉണ്ടാകാനാണ് സാധ്യത. രോഗം കൂടിയാൽ മരണ നിരക്കും കൂടും. കൊവിഡ് വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സെൽഫ് ലോക്ക് ഡൗൺ പാലിക്കാൻ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായമേറിയവരും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.