കണ്ണൂര്‍: പൊതുപ്രവര്‍ത്തനത്തിനൊപ്പം കരകൗശലവസ്‌തുക്കളുടെ നിര്‍മാണത്തിലും മികവ് തെളിയിക്കുകയാണ് പെരിങ്ങോത്തെ ടി വി യശോദ. പ്രധാനമായും നെറ്റിപ്പട്ടം, പാളയില്‍ തീര്‍ക്കുന്ന ബാഡ്‌ജുകള്‍, പേപ്പര്‍ ഫ്ളവേഴ്‌സ് എന്നിവയാണ് യശോദ നിര്‍മിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഈ കലാകാരി വസ്തുക്കള്‍ രൂപകല്‍പ്പന ചെയ്യുന്നത്.
രാഷ്ട്രീയ പ്രവർത്തനവും കുടുംബശ്രീ പ്രവർത്തനവും പാട്ടും അഭിനയവും കരകൗശല മികവുമടക്കം കൈവയ്ക്കുന്ന മേഖലയിലൊക്കെ തന്റേതായ ഇടം കണ്ടെത്താറുണ്ട് യശോദ. ഏത് പാഴ്‌വസ്‌തുവും യശോദയുടെ കൈയില്‍ എത്തിയാൽ അതിമനോഹരമായ കരകൗശല വസ്‌തുക്കളായി മാറും.
രണ്ടുവർഷങ്ങൾക്ക് മുൻപ് വാതസംബന്ധമായ രോഗംമൂലം നാലുമാസത്തോളം കട്ടിലിൽ തന്നെ കഴിയേണ്ടി വന്നിട്ടുണ്ട് ഇവർക്ക്. ഈ പ്രതിസന്ധികാലത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് നെറ്റിപ്പട്ടം ഉള്‍പ്പടെയുള്ള കരകൗശല വസ്‌തുക്കളുടെ നിർമാണത്തില്‍ എത്തിനിന്നത്.
ഏത് പൊതുപരിപാടിയ്ക്ക് പോകുമ്പോഴും താൻ പേപ്പറില്‍ നിര്‍മിച്ചെടുത്ത പൂക്കളുള്‍പ്പടെയുള്ള വസ്‌തുക്കള്‍ യശോദ കൂടെ കരുതാറുണ്ട്. ആവശ്യക്കാർക്ക് ന്യായവിലയ്ക്ക് അവ നൽകും. കുടുംബശ്രീ മേളകൾ വഴിയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ആരുടെയും ശിക്ഷണമില്ലാതെ പഠിച്ചെടുത്ത തൊഴിൽ ഈ ഇടതുപക്ഷ പ്രവര്‍ത്തകയ്‌ക്ക് നൽകുന്നത് വലിയ ആത്മവിശ്വാസവും കരുത്തുമാണ്.