കണ്ണൂർ : 22 വർഷം മുമ്പ് തോന്നിയ ഒരു കൗതുകം.. ആ കൗതുകത്തിന് പിന്നാലെ പോയ ഡേവിഡേട്ടൻ... സാമ്പത്തിക ചെലവ്, നാട്ടുകാരുടെ പരിഹാസം... ഇതൊക്കെ മറികടന്ന് കെ എം ഡേവിഡ് (65) എന്ന പയ്യന്നൂർക്കാരന്‍ ഇന്ന് നിരവധി റെക്കോഡുകൾക്ക് അവകാശിയാണ്. അതുക്കും മേലെ സ്വന്തം പേരിലൊരു ഗിന്നസ് റെക്കോഡും.
22 വർഷങ്ങൾക്ക് മുൻപ് പൊലീസിലും എക്‌സൈസിലും ജോലി ചെയ്‌ത ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതാണ് കെഎം ഡേവിഡ്. അതിനിടയിലാണ് ബന്ധുവിന്‍റെ കോളജ് അഡ്‌മിഷനായി മാംഗ്ലൂരിലെ ഒരു കോളജിന്‍റെ ബ്രോഷർ ഡേവിഡിന് കിട്ടുന്നത്. പിന്നെ കോഴ്‌സുകളെ പറ്റി അറിയാൻ ആഗ്രഹമായി. അത് ഒരു താത്പര്യമായി മാറി.
വിദ്യാർഥികൾക്കായി, തൊഴിൽ അന്വേഷിക്കുന്നവർക്കായി, ഉപരിപഠനത്തിനായി കലാലയം തിരിയുന്നവർക്കായി 22 വർഷം മുമ്പ് ജീവിതത്തിൽ തുടങ്ങിയ ഒരു കൗതുക സ്വഭാവം ആണ് അയാൾ ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 89 രാജ്യങ്ങളിൽ നിന്നുമായി ഇതിനകം 9,688 ബ്രോഷറുകളാണ് ഡേവിഡ് ശേഖരിച്ചിട്ടുള്ളത്. ഇത് വീട്ടിൽ ലൈബ്രറി ആയി ഒരുക്കിയിട്ടുമുണ്ട്.
പലയിടങ്ങളിൽ നിന്നും പരിഹാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം ബ്രോഷറുകൾ തേടിയുള്ള യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ആദ്യ നേട്ടം അദ്ദേഹത്തെ തേടി എത്തി. 2017ൽ യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്‍റെ ഏഷ്യൻ റെക്കോഡ്. അതേ വർഷം ഗോൾഡൻ ബുക്ക് ഓഫ് റെക്കോഡും ലോക റെക്കോഡും. 2018 ഇൽ എത്തുമ്പോഴേക്കും ലിംക ബുക്ക് ഓഫ് റെക്കോഡും യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്‍റെ ലോക റെക്കോഡ് നേട്ടവും. 2019ൽ വീണ്ടും ലിംക ബുക്‌സ് ഓഫ് റെക്കോഡ്.
2017ലാണ് ഗിന്നസ് അപേക്ഷ നൽകുന്നത്. അപ്പോൾ കയ്യിൽ ഉണ്ടായിരുന്നത് 73 രാജ്യങ്ങളിൽ നിന്നായി 7,547 ബ്രോഷറുകൾ ആണ്. ഒടുവിൽ ഗിന്നസ് നേട്ടം എത്തുമ്പോൾ ശേഖരത്തിൽ 89 രാജ്യങ്ങളിൽ നിന്നുള്ള 9,688 ബ്രോഷറുകളാണ്. ഗിന്നസിലേക്ക് പരിഗണിക്കുമ്പോൾ അതിന്‍റെ എല്ലാം ഘട്ടങ്ങളും പൂർത്തിയാക്കാൻ ഏറെ പരിശ്രമിച്ചുവെന്ന് എന്ന് ഡേവിഡ് പറയുന്നു.
2018 ജൂലൈ 15ന് പയ്യന്നൂരിൽ എക്‌സിബിഷൻ സംഘടിപ്പിച്ചു. കൊറിയൻ, ആഫ്രിക്കൻ, ചൈനീസ്, റഷ്യൻ ഭാഷകൾ അറിയാൻ എംബസികൾ കയറിയിറങ്ങി. ഓരോ ബ്രോഷറുകളെ കുറിച്ചും അടിക്കുറിപ്പുകൾ തയ്യാറാക്കി. ഒടുവിൽ നേട്ടം തന്നെ തേടി എത്തുമ്പോൾ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡേവിഡ് യാത്ര തുടരുകയാണ് സാമ്പത്തിക ചെലവോ സമയ നഷ്‌ടമോ ഒന്നും വിഷയമാക്കാതെയുള്ള ബ്രോഷറുകൾ തേടിയുള്ള യാത്ര. പരിഹസിച്ചവർ പോലും ഡേവിഡിന്‍റെ നേട്ടങ്ങൾ കണ്ട് ഇന്ന് അമ്പരന്ന് നിൽക്കുകയാണ്. വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും കോളജുകളെ കുറിച്ച് അറിയാൻ ധാരാളം കുട്ടികളും രക്ഷിതാക്കളും ഇന്ന് ഡേവിഡിനെ തേടി പയ്യന്നൂരിലെ വീട്ടിൽ എത്താറുണ്ട്.
കൂടാതെ നിരവധി കോളജുകളിലും സ്‌കൂളുകളിലും മറ്റും മോട്ടിവേഷൻ ക്ലാസുമായി അദ്ദേഹം മുന്നോട്ടു പോവുകയാണ്. ഇന്ന് ഡേവിഡിനറിയാത്ത കോളജുകളും സ്‌കൂളുകളും ഉണ്ടാവാൻ വഴിയില്ല. അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു ഓരോ കോളജുകളുമായും കലാലയങ്ങളുമായും.