കണ്ണൂർ: തുടർച്ചയായി ഒമ്പതാം വർഷവും പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്‌ത് തൃക്കരിപ്പൂരിലെ അഗ്‌നിശമനസേനാ ജീവനക്കാര്‍. സ്റ്റേഷൻ കോമ്പൗണ്ടിനകത്തെ അമ്പത് സെന്‍റ് ഭൂമിയും സ്റ്റേഷൻ മട്ടുപ്പാവുമാണ് ജീവനക്കാർ പച്ചപ്പണിയിച്ചത്. വിഷമില്ലാത്ത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് നന്മയുടെ മാതൃകയാവുകയാണിവര്‍. കൃഷി വകുപ്പിന്‍റെ ജീവനി പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ സഹകരണത്തോടെയാണ് കൃഷി.
പാവയ്‌ക്ക,പയർ, പടവലം, വെള്ളരി, വഴുതന, വെണ്ട, തക്കാളി, പച്ചമുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്‌തത്. ഇതിൽ വഴുതന, തക്കാളി, പച്ചമുളക് എന്നിവ 150ഓളം ഗ്രോബാഗുകളിലാക്കി മട്ടുപ്പാവിലാണ് കൃഷി ചെയ്‌തത്. ഒന്നിടവിട്ട ദിവസങ്ങളിൽ വിളവെടുത്ത് ആവശ്യക്കാർക്ക് സ്റ്റേഷനിൽ വച്ചു തന്നെ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. സ്റ്റേഷൻ റിക്രിയേഷൻ ക്ലബിന്‍റെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നുള്ള വരുമാനം സ്റ്റേഷനിലെ പൊതു ആവശ്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ജൈവ കൃഷി ആയതിനാല്‍ ഫയർ സ്റ്റേഷൻ പച്ചക്കറിക്ക് ആവശ്യക്കാരും ഏറെയുണ്ട്. 2012-13 വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച പച്ചക്കറി വിളവെടുപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതും തൃക്കരിപ്പൂരിലെ അഗ്‌നിശമനസേനാ ജീവനക്കാരാണ്.