കണ്ണൂര്‍: കള്ളവോട്ട് സംബന്ധിച്ച് കോണ്‍ഗ്രസിന്‍റെ ആരോപണം തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ കള്ളവോട്ടിന്‍റെ ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ധർമ്മടം മണ്ഡലത്തിലെ നാൽപത്തിയേഴാം നമ്പർ ബൂത്തായ കല്ലായി സ്കൂളിലെ 188 നമ്പർ വോട്ടറായ സായൂജിനെതിരെയാണ് കള്ളവോട്ട് ആരോപണം. പോളിംഗ് നീണ്ടതോടെ രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലെത്തി വോട്ട് ചെയ്തതിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സിപിഐ നേതാവ് പോളിങ് ഏജന്റായിരുന്ന ബൂത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വോട്ടാണ് സായൂജ് കള്ളവോട്ടായി ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം. മുൻ പഞ്ചായത്തംഗം കൂടിയായ സുരേന്ദ്രൻ അത്തിക്കയുടെ മകൻ അഖിൽ അത്തിക്കയുടെ വോട്ടാണ് സായൂജ് കള്ള വോട്ടായി ചെയ്തത്. അഖിൽ കേരളത്തിന് പുറത്താണെന്ന് യുഡിഎഫ് ഏജന്റുമാർ പോളിംഗ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും കള്ളവോട്ട് തടയാനായില്ലെന്നും കലക്ടർക്ക് പരാതി നൽകിയ പരാതിയിൽ പറയുന്നു.
കുന്നിരിക്ക സ്കൂളിലെ 53ആം നമ്പർ ബൂത്തിലും സായൂജ് കള്ളവോട്ട് ചെയ്തെന്നും കോൺഗ്രസ് ആരോപിക്കുന്നു. ധർമ്മടം മണ്ഡലത്തിലെ 143,144,147 ബൂത്തുകളിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി കോൺഗ്രസ് കലക്ടർക്ക് പരാതി നൽകി.