കണ്ണൂര്‍: വ്യാജ സ്വര്‍ണം ജ്വല്ലറികളിൽ വിറ്റ് പണം തട്ടിയ സംഭവത്തിൽ കണ്ണൂരില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു (Fake gold fraud). ഈയവും ചെമ്പും സ്വര്‍ണം പൂശിയെടുത്ത് ആഭരണമാക്കി യഥാര്‍ഥ സ്വര്‍ണമെന്ന വ്യാജേന ജ്വല്ലറികളിൽ വില്‍പ്പന നടത്തിയ സംഭവത്തില്‍ ആണ് മൂന്നു പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് (Kannur town police) അറസ്റ്റ് ചെയ്‌തത്. തലശ്ശേരി ഇല്ലിക്കുന്ന് റഫിയാസ് ഹൗസില്‍ എം സിറാജുദ്ദീന്‍ (41), അഴീക്കോട് കപ്പക്കടവ് എം എം ഹൗസില്‍ എം സുജൈല്‍ (40), ഇരിക്കൂര്‍ പെരുവളത്ത്പറമ്പ് യത്തീംഖാനയ്ക്ക് സമീപം ആസ്യാസ് ഹൗസില്‍ ഷഫീഖ് (33), എന്നിവരെയാണ് ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ പി എ ബിനുമോഹനും സംഘവും പിടികൂടിയത്.
കണ്ണൂരിലെ ജംസ് ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണം വിറ്റ് 50,000 രൂപ തട്ടിയെടുത്തിരുന്നു. ശനിയാഴ്‌ച മറ്റൊരു ജ്വല്ലറിയില്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വ്യാജ സ്വര്‍ണം വില്‍ക്കാനെത്തിയ സിറാജുദ്ദീന്‍, സുജൈല്‍ എന്നിവരാണ് ആദ്യം പിടിയിലായത്.
ജംസ് ജ്വല്ലറിയില്‍ ഇവര്‍ വിറ്റ ആഭരണങ്ങള്‍ ഉരുക്കി നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇവരെ സ്ഥാപനത്തിലെ നിരീക്ഷണ കാമറയിലെ ദൃശ്യത്തിലൂടെ തിരിച്ചറിയുകയും മറ്റ് ജ്വല്ലറി ഉടമകളെയും പൊലീസിനെയും വിവരമറിയിക്കുകയും ആയിരുന്നു. ഷഫീഖാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്നും ഇയാളുടെ നേതൃത്വത്തിലാണ് വ്യാജ സ്വര്‍ണം നിര്‍മിച്ചതെന്നും പൊലീസ് കണ്ടെത്തി. ഗള്‍ഫിലായിരുന്ന ഷഫീഖ് ഏറെനാള്‍ ശ്രീകണ്‌ഠാപുരത്ത് മൊബൈല്‍ ഫോണ്‍ കട നടത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍: പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മംഗളൂരുവില്‍ പിടിയിലായിരുന്നു. ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയും ഇടുക്കി പള്ളിവാസല്‍ സ്വദേശിയുമായ ബെനഡിക്‌ട് സാബു (25) ആണ് പിടിയിലായത്. ഉര്‍വ പൊലീസാണ് ബെനഡിക്‌ടിനെ പിടികൂടിയത്.
പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് നിരവധിയാളുകളെ ബെനഡിക്‌ട് കബളിപ്പിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്ന് റോ ഏജന്‍സി, കേരള പൊലീസ്, കര്‍ഷക ക്ഷേമ വകുപ്പ്, കൃഷി വകുപ്പ് തുടങ്ങിയവയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പിഎസ്‌ഐ യൂണിഫോം, പൊലീസ് ഷൂ, മെഡല്‍, ക്യാപ്, ബെല്‍റ്റ്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് കണ്ടെത്തി.