കണ്ണൂർ : പയ്യന്നൂരിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഏഴിമല നേവൽ അക്കാദമി. അതിനടുത്ത് കുരിശുമുക്ക് റോഡിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു വ്യൂ പോയിന്റ്. സ്ഥലത്തിന്‍റെ പേര് ആഞ്ജനേയ ഗിരി. സമുദ്ര നിരപ്പിൽ നിന്ന് 286 മീറ്റർ ഉയരത്തിലാണ് ആഞ്ജനേയ ഗിരി. അവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത് 41 അടി ഉയരത്തിലുള്ള ആഞ്ജനേയ പ്രതിമയാണ്.
പുരാതനമായ മൂഷിക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഏഴിമല എന്നാണ് പറയപ്പെടുന്നത്. രാമായണ കഥകളും പതിനൊന്നാം നൂറ്റാണ്ടിലെ ചോള-ചേര യുദ്ധവും രാമന്തളി പഞ്ചായത്തിന്റെ ഭാഗമായ ഏഴിമല കുന്നുകളുമായി ഇഴചേർന്നതാണ്. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ കണ്ണൂർ ബീച്ചും മാടായിപ്പാറയും അറബിക്കടലും ഉൾപ്പെടെ കണ്ണൂർ ജില്ലയുടെ വിശാലമായ ഭൂപ്രകൃതി കാണാൻ കഴിയും.
പുഴയും പാടവും കടലും േചരുന്ന കണ്ണൂർ കാഴ്ചകളും തണുപ്പ് കാലത്ത് ഉച്ചവരെ അനുഭവപ്പെടുന്ന തണുപ്പും ഔഷധ തോട്ടവും നക്ഷത്ര വൃക്ഷങ്ങളുമൊക്കെ ആഞ്ജനേയഗിരിയുടെ മാത്രം പ്രത്യേകതയാണ്. ടൂറിസം സാധ്യതകൾക്കൊപ്പം ചരിത്രത്തെയും പുരാണത്തെയും കൂട്ടിയിണക്കിയാണ് 1990ല്‍ സൺസൺ ഗ്രൂപ്പ് ഇവിടെ ആഞ്ജനേയ പ്രതിമ സ്ഥാപിച്ചത്. ഏഴിമലയുടെ ടൂറിസം സാധ്യതകളില്‍ ആഞ്ജനേയ ഗിരിക്കും വലിയ പ്രാധാന്യമുണ്ട്. അത് ഉപയോഗപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.