കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിന്‍റെ വനിത ഹോസ്റ്റലിന് സമീപം സാമൂഹ്യ വിരുദ്ധൻ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. പല തവണ നഗ്നതാ പ്രദർശനം തുടർന്നതോടെ കോളജ് അധികൃതർക്കും പൊലീസിനും പരാതി. എന്നാല്‍ അവഗണിക്കുന്ന സ്ഥിതിയാണെന്ന് വിദ്യാർഥികൾ പറയുന്നു.
ഒരു സുരക്ഷയും ഇല്ലാതെയാണ് ഇവിടെ പഠിക്കുന്നതെന്നും റോഡിനിരുവശവും കാടായതും മെഡിക്കൽ കോളജിന് ചുറ്റുമതിൽ ഇല്ലാത്തതും പുറത്തു നിന്ന് ആർക്കും ഇവിടെ പ്രവേശിക്കാവുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
സ്കൂട്ടറിൽ എത്തിയ ആളാണ് പല തവണയായി വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത്. വിദ്യാർഥിനിയെ കയറിപിടിക്കുന്ന സ്ഥിതി പോലും ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. സാമൂഹ്യ വിരുദ്ധർ പട്ടാപ്പകൽ ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ ഇവിടെ പഠിക്കാനും യാത്ര ചെയ്യാനും വരെ പേടിക്കേണ്ട അവസ്ഥയാണെന്നും വിദ്യാർഥികള്‍ പറയുന്നു.
മെഡിക്കൽ കോളജിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഹോസ്റ്റൽ റോഡ് പൊതു വഴിയാണെന്ന സ്ഥിതിയാണ്. ഹോസ്റ്റൽ പരിസരത്ത് സിസിടിവിയോ, സ്ട്രീറ്റ് ലൈറ്റുകളോ ഇല്ലാത്തതും സാമൂഹ്യ വിരുദ്ധർക്ക് എളുപ്പത്തിൽ ഹോസ്റ്റലിൽ പോലും കയറി എന്തും ചെയ്യുവാനുള്ള ലൈസൻസ് നൽകുന്ന സ്ഥിതിയാണ്. സംഭവത്തിൽ അധികൃതർ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നതാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
Also read: പ്ലസ്ടു പാസാകാത്ത വ്യാജ ഡോക്ടര്‍ ആലപ്പുഴയിൽ പിടിയില്‍