കണ്ണൂർ: തലശ്ശേരി എരിഞ്ഞോളി പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നരവർഷത്തോളമായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ഇടതടവില്ലാതെയാണ് തുടരുന്നത്. ഈ വർഷം അവസാനത്തോടെ പാലത്തിന്‍റെ പണി പൂർത്തികരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള പഴയ എരിഞ്ഞോളി പാലത്തിന് സമാന്തരമായാണ് പുതിയ പാലവും ഒരുങ്ങുന്നത്.
2013 ജൂൺ ഒന്നിനാണ് റോഡും പാലവും നിർമ്മിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. 2015 ഡിസംബറിൽ പൂർത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കരാർ എടുത്ത കമ്പനി നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത് വളവുപാറ റോഡിനെ പ്രതിസന്ധിയിലാക്കി. ഈ സമയം എരിഞ്ഞോളിയിൽ പുതിയ പാലത്തിന്‍റെ നിർമ്മാണവും പാതി വഴിയിൽ തടസപ്പെട്ടു.
നിർദ്ദിഷ്ട ജലപാത കടന്ന് പോവുന്ന വഴിയിലെ പുഴകൾക്ക് കുറുകെ പാലം പണിയുന്നതിലുള്ള നിർദേശങ്ങൾ ജലാഗതാഗത വകുപ്പ് കർശനമാക്കി. ഇതോടെയാണ് എരിഞ്ഞോളി പുഴയിലെ പുതിയ പാലത്തിന്‍റെ നിർമ്മാണം പൂർണമായും നിലച്ചത്. പാലത്തിന്റെ ഉയരം ജലനിരപ്പിൽ നിന്ന് ആറ് മീറ്ററും പുഴയുടെ നടവുൽ വരുന്ന രണ്ട് തൂണുകൾക്കിടിയിലെ അകലം 40 മീറ്ററും ഉണ്ടാവണമെന്നായിരുന്നു ജലഗതാഗത വകുപ്പ് ആവശ്യപ്പെട്ടത്.
ഈ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇപ്പോൾ പുതിയ പാലം നിർമ്മിക്കുന്നത്. നിലവിലുള്ള തൂണുകളുടെ ഉയരം വർധിപ്പിച്ചു കഴിഞ്ഞു. പുതിയ പാലത്തിന് വെള്ളത്തിൽ നിന്ന് 32 മീറ്ററും കരയിൽ നിന്ന് 15 മീറ്ററും കോൺക്രീറ്റ് സ്ലാബിടുന്നുണ്ട്. പാലത്തിന്റെ ഉയരം കൂട്ടുന്നതോടെ അനുബന്ധ റോഡിന്റെ വലിപ്പവും കൂടും. സമാന്തര പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു.
വിദേശ സാങ്കേതിക വിദ്യയിൽ പണിത പഴയ എരിഞ്ഞോളി പാലം നിലവിൽ അപകടാവസ്ഥയിലാണ്. വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാൻ സാധിക്കാത്തത് തിരക്കേറിയ സമയങ്ങളിൽ യാത്രാ തടസ്സത്തിന് കാരണമാവുകയാണ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെ കൂടുതൽ വാഹനങ്ങൾ എരിഞ്ഞോളി പാലം വഴി കടന്ന് പോവുന്നതിനാൽ ഗതാഗത കുരുക്ക് ഇടക്കിടെ രൂക്ഷമാവുന്നുണ്ട്.