കണ്ണൂർ: മുഖ വൈരൂപ്യത്തിന് ശാശ്വത പരിഹാരം കാണുന്ന മാക്സിലോ ഫേഷ്യൽ സർജറിയിൽ ചരിത്രം സൃഷ്ടിച്ച് ഡോക്ടർ സജു എൻഎസ്. തലശേരി ജനറൽ ആശുപത്രിയിലെ ദന്തരോഗ വിഭാഗം തലവനായ സജു നൂറ് ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. സർക്കാർ ആതുരാലയ രംഗത്ത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ശസ്ത്രക്രിയകൾ നടക്കുന്നത്.
താടിയെല്ലുകളുടെ വലിപ്പത്തിലുള്ള വ്യത്യാസം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്ന വിഭാഗമാണ് ഓർത്തോഗ്നാത്തിക്ക്. ഈ വിഭാഗത്തിൽ വിദഗ്ധനായ തൃശൂർ കുന്നകുളം സ്വദേശി ഡോക്‌ടർ സജു കണ്ണൂർ ജില്ല ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് തുടക്കം കുറിച്ചത്. 2010 മുതൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ സേവനം തുടരുന്ന ഡോക്ടറും സംഘവും നൂറാമത്തെ മാക്സിലോ ഫേഷ്യൽ സർജറിയും പൂർത്തിയാക്കിയതിന്‍റെ അഭിമാന നേട്ടത്തിലാണ്.
സ്വകാര്യ മേഖലയിൽ രണ്ടര ലക്ഷം രൂപ വരെയാണ് ഈ ശസ്ത്രക്രിയക്ക് ഈടാക്കുന്നത്. ആദ്യകാലത്ത് ഉപകരണങ്ങൾ വാടകക്കെടുത്ത് ശസ്ത്രക്രിയ ആരംഭിച്ച ഡോക്‌ടർ പിന്നീട് സർക്കാർ സഹായത്തോടെ തലശ്ശേരി ആശുപത്രിയെ പൂർണ സജ്ജമാക്കി. പ്രവർത്തന മികവിന് ഇന്ത്യൻ ഡെന്‍റിസ്റ്റ് ജേർണൽ ഏർപ്പെടുത്തിയ പുരസ്കാരവും ഇന്ത്യൻ ഡെന്‍റൽ അസോസിയേഷന്‍റെ അവാർഡും സജുവിനെ തേടിയെത്തി. ഒപ്പം അന്തർദേശീയ സമ്മേളനങ്ങളിൽ പഠന റിപ്പോർട്ട് അവതരിപ്പിക്കാനും ഈ യുവ ഡോക്ടർക്ക് അവസരം ലഭിച്ചു. പല ദിക്കുകളിൽ നിന്നും നിരവധി പേരാണ് ഡോക്ടറെ തേടി എത്തുന്നത്.