കണ്ണൂർ: ഇരിക്കുറിൽ സജീവ് ജോസഫിനെ മാറ്റാൻ കഴിയില്ലെന്ന ഉറച്ച നിലപാടുമായി ഹൈക്കമാൻഡ്. സജീവിന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാന്‍ എം.എം ഹസൻ കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇടഞ്ഞു നിൽക്കുന്ന ജില്ലയിലെ എ വിഭാഗം നേതാക്കളുമായാണ് ഇരുവരും ചർച്ച നടത്തിയത്. ഹൈക്കമാൻഡ് നിലപാട് എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചു.
സമാന്തര കൺവെൻഷനുമായി മുന്നോട്ട് പോകുമെന്ന് എ ഗ്രൂപ്പ് നേതാക്കളും അറിയിച്ചു. കൺവെൻഷന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് സോണി സെബാസ്റ്റ്യൻ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സജീവ് ജോസഫിനെ മാറ്റണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി എ ഗ്രൂപ്പ് മുന്നോട്ടുപോയാൽ ജില്ലയിലാകെ കനത്ത തിരിച്ചടിയായിരിക്കും യുഡിഎഫിന് ഉണ്ടാവുക. എന്നാല്‍ സമവായ ശ്രമങ്ങൾ തുടരുമെന്നാണ് എംഎം ഹസൻ പറഞ്ഞത്.
തങ്ങളുടെ വികാരം ഹൈക്കമാൻഡിനെ അറിയിക്കണമെന്നും എ ഗ്രൂപ്പ് വിഭാഗം നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സജീവ് ജോസഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളായ എം.എം ഹസനും കെ.സി ജോസഫും ഇരിക്കൂറിലെത്തിയത്.
എ വിഭാഗം നേതാവ് സോണി സെബാസ്റ്റ്യന് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം നല്‍കി സമവായം ഉണ്ടാക്കാനാണ് നേതാക്കൾ ശ്രമിച്ചതെന്നാണ് സൂചന. ഇടഞ്ഞ് നില്‍ക്കുന്ന എ വിഭാഗം നേതാക്കളെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി സോണി സെബാസ്റ്റ്യന്‍ അടക്കമുളളവരുമായി എ.കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഇന്ന് എം.എം ഹസനും കെ.സി ജോസഫും ജില്ലയിലെത്തിയത്.