കണ്ണൂർ: കൊവിഡ് കാലത്തെ നിരാശയുടെയും ദുരിതത്തിന്‍റെയും വർഷങ്ങളായാണ് ഭൂരിഭാഗം പേരും ഓർക്കുന്നതെങ്കിലും ചിലർക്കത് സർഗ വാസനകളെ പൊടിതട്ടിയെടുക്കാനുള്ള ഒരവസരം കൂടിയായിരുന്നു. അത്തരത്തിൽ കഴിഞ്ഞ കൊവിഡ് കാലത്താണ് കണ്ണൂർ ഏഴോം സ്വദേശി അരുൺ തന്‍റെ ഉള്ളിലെ കഴിവുകളും വിശാലമാക്കിയത്. സ്‌കെച്ച് എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ ആർട്ടിലൂടെ ഈ കലാകാരൻ ഇന്ന് വരച്ചു തീർത്തത് 100ലേറെ ചിത്രങ്ങളാണ്.
എല്ലാ ചിത്രങ്ങളും മൊബൈൽ ടെച്ചു പേന ഉപയോഗിച്ച് സസൂഷ്‌മം വരച്ചൊരുക്കുന്നവയാണ്. ഗാന്ധിജിയും എ പി ജെ അബ്‌ദുൽ കാലാമും വി എസ് അച്ചുതാനന്ദനും കോടിയേരി ബാലകൃഷ്‌ണനും കൈതപ്രവും ഒക്കെ ചിത്ര ശേഖരത്തിലെ ചിലത് മാത്രം. കോടിയേരിയുടെ ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ താരമായ അരുണിന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നാട്ടുകാർ തന്നെ ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.
രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സിനിമ രംഗങ്ങളിലെ പ്രമുഖരുടെ ചിത്രങ്ങൾ ആണ് അരുണിന്‍റെ ഫോണിൽ കൂടുതലും. ഒറ്റയിരുപ്പിരുന്നാൽ ഒന്നര രണ്ട് മണിക്കൂർ കൊണ്ട് അരുൺ ചിത്രങ്ങൾ പൂർത്തീകരിക്കും. പഴയങ്ങാടിയിൽ ഫ്ലക്‌സ് പ്രിന്‍റിങ് ജോലി ചെയ്യുന്ന 41 വയസുകാരനായ അരുൺ ആവശ്യക്കാർക്ക് ചിത്രങ്ങൾ ഒരുക്കി നൽകുന്നുണ്ട്.