കണ്ണൂർ: കൊവിഡ് ഭീതിക്കിടയിലും കേക്കിന്‍റെ നഗരമായ തലശ്ശേരി ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് ഒരുങ്ങി. ഇത്തവണ വൈവിധ്യമാർന്ന കേക്കുകളാണ് നഗരത്തിലെ ബേക്കറികളിൽ തയ്യാറാക്കിയിട്ടുള്ളത്. കേക്കില്ലാതെ തലശ്ശേരിക്ക് ക്രിസ്മസ് പുതുവത്സരാഘോഷമില്ല. ആഘോഷങ്ങൾക്ക് വലിയ നിറപകിട്ടില്ലെങ്കിലും വ്യത്യസ്തമായ കേക്കുകൾ തീർത്താണ് കേക്കിന്‍റെ ജന്മദേശം ആഘോഷത്തിനായി ഒരുങ്ങുന്നത്.
കിലോയ്ക്ക് 600 രൂപ മുതൽ 1200 രൂപ വരെയുള്ള കേക്കുകളാണ് വില്പനയ്ക്കായി എത്തിയിരിക്കുന്നത്. ആൽമന്‍റ് ബബ്ബിളിയാണ് വിപണിയിലെ താരം. ഗീബട്ടർ സ്ക്വാച്ച്, ഫെറോ റോഷർ, ചോക്കോബട്ടർ നെറ്റ് എന്നിവയ്ക്കും വിപണിയിൽ ആവശ്യക്കാരുണ്ട്. പ്ലം കേക്കിനും ആവശ്യക്കാർ ഏറെയാണ്. ഇത്തവണ വില്‌പന കൂടുതലായും ഹോം ഡെലിവറിയാണ്. മുൻ വർഷങ്ങളിൽ ചാർളീസ് ഡേ ഔട്ട്, മോം ആന്‍റ് മി, സിൻട്രല എന്നീ രൂപങ്ങൾ കേക്കിൽ തീർത്ത് വ്യത്യസ്തമായ തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡിൽ ഇത്തവണ വ്യത്യസ്തമായ കേക്കുകളാണ് ഒരുക്കിയിരിക്കുന്നത്.