കണ്ണൂർ: ധര്‍മടം മീത്തലെപീടിക പുതിയപാലത്തിന്‍റെ ശോചനീയാവസ്ഥ അപകട ഭീഷണി ഉയര്‍ത്തുന്നു. പാലത്തിന്‍റെ ഉപരിതലത്തില്‍ ടാറിളകി പരക്കെ കുഴികള്‍ നിറഞ്ഞ നിലയിലാണ്. ഇതുകാരണം വൈകുന്നേരങ്ങളില്‍ ഗതാഗത കുരുക്കും രൂക്ഷമാണ്. ദിവസങ്ങള്‍ കഴിയുംതോറും പാലത്തിന്‍റെ ശോചനീയാവസ്ഥ വര്‍ധിക്കുകയാണ്.
പാലത്തിന്‍റെ ഒരുഭാഗത്ത് മുഴുവനായി ടാർ ഇളകിയ നിലയിലാണ്. ഇവിടങ്ങളില്‍ ദ്രവിച്ച കമ്പികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. റോഡിലെ തകര്‍ച്ച കാരണം പാലത്തില്‍ നിന്ന് ശബ്‌ദം കേള്‍ക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. കോടികള്‍ മുടക്കിയാണ് ധര്‍മടം പുതിയ പാലത്തിന്റെ പണി തീര്‍ത്തത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പാലം ശോച്യാവസ്ഥയിലായതിനു പിന്നില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള പിഴവുകളാണെന്നും ആരോപണമുണ്ട്.
ആധുനിക രീതിയില്‍ പണിത പാലത്തില്‍ വീഴുന്ന മഴവെള്ളം കെട്ടി നില്‍ക്കാതെ പുഴയില്‍ വീഴ്ത്താനായി ഉപരിതലത്തില്‍ പ്രത്യേക ദ്വാരങ്ങളുണ്ട്. എന്നാല്‍ ദ്വാരങ്ങള്‍ യഥാസമയം ശുചീകരിക്കാത്തതിനാല്‍ അടഞ്ഞ നിലയിലാണ്. പാലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും സമീപവാസികളുടെയും ആവശ്യം.