കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് വാഹനാപകടത്തിനിടയാക്കിയ ചരക്ക് ലോറിയും ഡ്രൈവറും ധർമ്മടം പൊലീസിന്‍റെ പിടിയിലായി. ചൊവ്വാഴ്‌ച രാവിലെ ആറ് മണിയോടെയാണ് ധർമ്മടം പൊലീസ് സ്റ്റേഷന് സമീപം പയ്യന്നൂർ മാതമംഗലം സ്വദേശികൾ സഞ്ചരിച്ച കാര്‍ ചരക്ക് ലോറി ഇടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ ലോറിയെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല.
തുടർന്ന് എഎസ്ഐ വി പി രമേശന്റെ നേതൃത്വത്തിൽ ദേശീയ പാതയോരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വടകര മൂരാട് പാലത്തിന് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലോറി നമ്പർ കണ്ടെത്തുകയും ചെയ്‌തു. തുടര്‍ന്ന് വാഹന ഉടമയെ കണ്ടെത്തിയ ശേഷം എഎസ്ഐയും സിവിൽ പൊലീസ് ഓഫീസർ ബൈജുവും തൃശൂർ ചാവക്കാടെത്തി, ലോറിയും ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മാതമംഗലം സ്വദേശികളായ വിഷ്ണു പ്രകാശ്, അരുൺ കുമാർ, ആദിത്യൻ, പത്മനാഭൻ എന്നിവർ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത ലോറി ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടു.