കണ്ണൂർ: പട്ടുവത്ത് സി.പി.എമ്മിന്‍റെ അടിത്തറ നഷ്ടപ്പെടുന്നതിന്‍റെ പരിഭ്രാന്തിയിൽ വർഗീയത ഊതി വീർപ്പിച്ച് സ്പർദ്ദ വളർത്തി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി. കൂത്താട്ട് സി.പി.എം നടത്തിയ പൊതുയോഗത്തിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പരസ്യമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കൂത്താട്ട് കോൺഗ്രസിനെ തകർക്കാൻ മറ്റു വാർഡുകളിൽ നിന്ന് സി.പി.എം പ്രവർത്തകർ നിരന്തരം എത്തുകയും ജനങ്ങളുടെ ഇടയിൽ നിരന്തരം വിഭാഗീയത ഉണ്ടാക്കുകയും ചെയ്യുകയാണ്. ചില മതവിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യം വച്ച് വർഗീയത ഊതി വീർപ്പിച്ച് കോൺഗ്രസിന് എതിരാക്കാനുള്ള സി.പി.എം നീക്കം വർഗീയ കലാപത്തിനും ഇത് കൂത്താട്ടിന്‍റെ സമാധാന ജീവിതം തകർക്കാനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും അക്രമങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു മുൻപിൽ ഉപവാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ സമീപിച്ചിട്ട് യാതൊരു പ്രയോജനവും കിട്ടുന്നില്ലെന്നതിനാൽ അക്രമങ്ങൾക്കെതിരെ സമരസമിതി ഉണ്ടാക്കി കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് രാജീവൻ കപ്പച്ചേരി.