കണ്ണൂര്‍ : പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂരിലെ സിപിഎം നേതാക്കള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കമുള്ള നേതാക്കളാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയത്. കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് നഴ്‌സുമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെ എം വിജില്‍ എംഎല്‍എയും ടൗണ്‍ എസ്‌ഐയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്.
എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍ എത്തിയതിന് പിന്നാലെ പൊലീസിനെ വിമർശിച്ച് കൊണ്ട് മാടായി ഏരിയ സെക്രട്ടറി വി വിനോദും രംഗത്തെത്തി. പഴയങ്ങാടിയിലെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തടയാൻ പൊലീസിനായില്ലെന്നും നവകേരള സദസിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്നും വിനോദ് കുറ്റപ്പെടുത്തി.
പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം പൊലീസിന്‍റെ കാര്യശേഷി കുറവാണെന്നും വിനോദ് പറഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു വിനോദിന്‍റെ വിമര്‍ശനം. നവകേരള സദസിനെതിരെ പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത് പൊലീസിന്‍റെ പിടിപ്പുകേടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കുറ്റപ്പെടുത്തി (CPM Criticized Police In Kannur).
കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലേക്ക് നഴ്‌സുമാര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് എംഎല്‍എ എം വിജിനും എസ്ഐ ടിപി ഷമീലും തമ്മില്‍ വാക്കേറ്റമുണ്ടായത്. പ്രതിഷേധ മാര്‍ച്ചുമായി കലക്‌ട്രേറ്റിലെത്തിയ നഴ്‌സുമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുക്കുമെന്ന് എസ്‌ഐ പറഞ്ഞതാണ് സിപിഎമ്മിനെ പ്രകോപിച്ചത്. തുറന്നിട്ട ഗേറ്റിലൂടെ അകത്ത് പ്രവേശിപ്പിച്ച് കലക്‌ട്രേറ്റ് വളപ്പില്‍ സമരത്തിന്‍റെ ഉദ്‌ഘാടനം നടത്തിയതിന് കേസെടുക്കുമെന്നാണ് എസ്‌ഐ പറഞ്ഞത് (CPM And Police Issues).
തര്‍ക്കത്തിനിടെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ്‌ഐയോട് എംഎല്‍എ പറഞ്ഞു. സുരക്ഷയൊരുക്കാത്തത് പൊലീസിന്‍റെ വീഴ്‌ചയാണെന്നും അതിന്‍റെ പേരിൽ കേസും ഭീഷണിയും വേണ്ടെന്നും എംഎൽഎ പറഞ്ഞു. ഉദ്‌ഘാടനത്തിനിടെ എസ്‌ഐ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം എംഎല്‍എക്കെതിരെ കേസില്ലെന്നുള്ളതും ശ്രദ്ധേയം (CPM In Kannur).
എംഎല്‍എയെ പിന്തുണച്ച് ഇപി: എം വിജിന്‍ എംഎല്‍എയോടുള്ള പൊലീസ് സമീപനം തെറ്റായ നടപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കൃതൃ നിര്‍വഹണത്തില്‍ ഗുരുതര വീഴ്‌ചയാണുണ്ടായത്. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി കുറ്റപ്പെടുത്തി.
വീഴ്‌ച മറച്ചു വയ്‌ക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണ്. പ്രതിപക്ഷത്തിന് വടി കൊടുക്കുന്ന നിലപാടാണ് പൊലീസെടുത്തതെന്നും എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്ന് പറഞ്ഞ ജയരാജന്‍ പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്‌ച വരുത്തിയെന്നും അദ്ദേഹം തുറന്നടിച്ചു.