കണ്ണൂർ: പരിയാരം പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം സെക്രട്ടറി അടക്കമുള്ളവരെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. സിപിഎമ്മിന്‍റെ പോസ്റ്ററുകൾ കീറിയെന്ന് ആരോപിച്ച് പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർ ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തില്‍ നാല് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
പരിയാരം പഞ്ചായത്തിലെ പനങ്ങാട്ടൂരില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മുൻ മണ്ഡലം ട്രഷറർ പി.വി ഹരിദാസൻ(51), കുറ്റിയേരി മണ്ഡലം സെക്രട്ടറി എ.വി രാജീവൻ (41), പനങ്ങാട്ടൂർ ബൂത്ത് കമ്മിറ്റി ഭാരവാഹികളായ കെ.വി ഷിജു(34), പി.വി.സന്തോഷ്(34) എന്നിവർക്ക് അക്രമത്തില്‍ പരിക്കേറ്റു. അഞ്ചോളം സിപിഎം പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ തളിപ്പറമ്പ പൊലീസ് അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിച്ചു. പഞ്ചായത്തില്‍ കോൺഗ്രസ് മികച്ച പ്രവർത്തനം നടത്തിയതിലുള്ള വിറളിയാണ് സിപിഎം പ്രവർത്തകർക്കെന്നും സ്വതന്ത്രമായ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമമാണ് അക്രമത്തിലൂടെ ഇവർ നടത്തുന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.