കണ്ണൂർ: കേരളത്തിൽ കൊവിഡ് രോഗമുക്തി നേടിയ രണ്ടാമത്തെ ഗർഭിണിയുടെ പ്രസവവും കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ. കൊവിഡ് രോഗമുക്തി നേടിയ ഗർഭിണി ഇന്ന് ഉച്ചക്ക് 11.50ന് ശസ്ത്രക്രിയയിലൂടെയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇത് കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ സ്ത്രീ രോഗ വിഭാഗത്തിന്‍റെ മികച്ച നിലവാരമാണ് കാണിക്കുന്നതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് എന്നിവർ അഭിപ്രായപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെ യുവതിയെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെയാണ് ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്‍റെ നേതൃത്തിലാണ് ശസ്ത്രക്രിയ നടന്നത്.
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദിന്‍റെ നിർദേശപ്രകാരം കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് എന്നിവരടക്കം ഡോക്‌ടർമാരും മറ്റു ജീവനക്കാരും അമ്മയ്ക്കും നവജാത ശിശുവിനും ആശംസകൾ നേർന്നു. ഏപ്രിൽ 17നാണ് കൊവിഡ് പോസിറ്റീവായ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിനിയെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 27 ന് അയച്ച അവസാനഫലവും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.