കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ്. കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്താല്‍ അന്വേഷണം പൂര്‍ത്തിയാവും. ഒളിവില്‍ കഴിയുന്ന കാവുംഭാഗം ചെറിയാണ്ടി വീട്ടിൽ മൊയ്തു എന്ന സി.മിഥുനാണ് പിടിയാലാകാനുള്ളതെന്ന് അന്വേണ ഉദ്യോഗസ്ഥര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
നസീറിനെ ആക്രമിക്കാനുള്ള ഗൂഡാലോചനയിൽ പങ്കെടുത്തവർ ഉന്നതതലങ്ങളിലുള്ളവരാണെന്ന് അന്വേഷണ സംഘം പറയുന്നു. പൊന്യം കുണ്ടുചിറയിലെ പൊട്ടി സന്തോഷ്, സി.പി.ഐ.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കതിരൂർ പുല്യോട്ടെ എൻ.കെ. നിവാസിൽ എൻ.കെ.രാഗേഷ്, കൊളശ്ശേരിയിലെ കുന്നി നേരിമീത്തൽ വിപിൻ എന്ന ബ്രിട്ടോ, കൊളശ്ശേരിയിലെ മുക്കാളി മീത്തൽ വീട്ടിൽ ജിതേഷ് എന്ന ജിത്തു, കാവുംഭാഗത്തെ മൊയ്തു എന്ന മിഥുൻ എന്നിവരാണ് പങ്കു വഹിച്ചതെന്ന് പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ ഇപ്പോൾ കസ്റ്റഡിയിലുള്ള ബ്രിട്ടോ വിനെയും ജിത്തുവിനെയും ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങൾ ഉറപ്പിക്കാൻ ഇരുവരെയും കൂട്ടി കൊളശ്ശേരിയിലെ വീട്ടിലും കോഴിക്കടയിലും കുണ്ടുചിറ അണക്കെട്ടിനടുത്തും എത്തിച്ചുവെങ്കിലും തെളിവുകൾ കണ്ടെടുക്കാനായില്ല.
നസീറിനെ ആക്രമിക്കാൻ നിർദ്ദേശം നൽകിയ മൊബൈൽ ഫോൺ പൊട്ടിച്ചെറിഞ്ഞത് കുണ്ടു ചിറയിലെ അണക്കെട്ടിലാണെന്ന് ബ്രിട്ടോയും ജിത്തുവും വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടോ നേരത്തെ കൊളശ്ശേരിയിൽ സംഭവിച്ച ഒരു കൊലപാതകക്കേസിൽ പ്രതിയായിരുന്നു. പ്രസ്തുത കേസിപ്പോൾ വിചാരണ ഘട്ടത്തിലാണുള്ളത്. അന്തർ സംസ്ഥാന സ്വർണക്കടത്ത് സംഘങ്ങളുമായി ബ്രിട്ടോയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കിടയിൽ കോഴിക്കോട് കൊടുവള്ളിക്കാരുടെ അനധികൃത സ്വർണം തട്ടിപ്പറിച്ച സംഭവത്തിൽ ബ്രിട്ടോയുമുണ്ടായതായി സൂചനയുണ്ട്. പരാതി ഇല്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് തലശ്ശേരി പൊലീസിന് ലഭിച്ച വിവരം. പ്രസ്തുത ഇടപാടിൽ ഇയാൾക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും സൂചനയുണ്ട്. ബ്രിട്ടോയുടെ ഉറ്റ ചങ്ങാതിയാണ് പൊലീസ് തിരയുന്ന മൊയ്തു എന്ന മിഥുൻ. തമിഴ്നാട് - കോയമ്പത്തൂർ ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞ് കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടാണ് മൊയ്തുവിന്‍റെ പ്രവർത്തനം. തമിഴ്നാട് പൊലീസ് തിരയുന്നതിനാലാണ് ഇയാൾ തലശ്ശേരി പൊലീസിന് പിടി നൽകാത്തതത്രെ. നസീറിനെ അടിച്ചു ഭയപ്പെടുത്താൻ മാത്രമാണ് ഗൂഡാലോചനക്കാർ നിർദ്ദേശിച്ചതത്രെ. എന്നാൽ ഉപകരാർ ഏറ്റെടുത്തവർ ആയുധങ്ങളോടെ ആക്രമിക്കുകയായിരുന്നുവത്രെ. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ബ്രിട്ടോയും ജിത്തുവും പറഞ്ഞതെന്നറിയുന്നു. ഇരുവരെയും മറ്റൊരു കുറ്റാരോപിതനായ രാജേഷിനെയും ഇന്ന് കോടതിയിൽ തിരിച്ച് ഹാജരാക്കും.