കണ്ണൂർ: കൊറോണ രോഗലക്ഷണങ്ങളുമായി കണ്ണൂർ ജില്ലയില്‍ ഒരാളെ കൂടി കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി.
പുതുതായി രണ്ടുപേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കായി ലാബിലേക്കയച്ചതായും ഡിഎംഒ ഡോ.കെ നാരായണ നായ്ക് അറിയിച്ചു. നേരത്തേ നാല് പേരുടെ സാമ്പിളുകള്‍ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ചിരുന്നു. അതിനിടെ, കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 156 ആയി. 153 പേര്‍ വീടുകളിലും മൂന്നു പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അഞ്ച് പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ഡിഎംഒ അറിയിച്ചു.
ചൈന ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 പേർ പുതുതായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.