കണ്ണൂർ: താത്വിക അവലോകനം നടത്തി സിപിഎം സ്വയം അപഹാസ്യരാകരുതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഇന്ധന നികുതി കൊണ്ട് വികസനമല്ല, ധൂർത്താണ് നടപ്പാക്കിയതെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ജലപാതയും കെ റെയിലും ആർക്കുവേണ്ടിയാണെന്നും സുധാകരൻ ചോദിച്ചു.
എന്തിനാണ് നികുതി കുറക്കില്ലെന്ന് സർക്കാർ വാശി പിടിക്കുന്നതെന്നും ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ സംസ്ഥാന സർക്കാരിന് താൽപര്യം ഉണ്ടോ എന്നറിയാൻ ആഗ്രഹമുണ്ടെന്നും സുധാകരൻ പറഞ്ഞു. കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നയത്തിനെതിരെ നവംബർ 8ന് കോൺഗ്രസ് സംസ്ഥാനത്ത് ചക്ര സ്‌തംഭന സമരം നടത്തുമെന്നും സുധാകരൻ അറിയിച്ചു.
ചക്രസ്‌തംഭന സമരം; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല
രാവിലെ 11 മുതൽ 11.15 വരെ ജില്ല ആസ്ഥാനങ്ങളിൽ നടക്കുന്ന ചക്ര സ്‌തംഭന സമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കുമെന്നും അതിനായി അണികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. ചക്ര സ്‌തംഭന സമരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്നത് അന്നേ ദിവസം വൈകുന്നേരം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറക്കും'
വഴി തടയൽ സമരത്തിന് എതിരെന്നത് സതീശന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാട് തന്നെയാണ് വി.ഡി സതീശന്‍റെ ഇപ്പോഴത്തെ നിലപാടെന്നും സുധാകരൻ പറഞ്ഞു. ഇന്ധന നികുതി കുറക്കാൻ എഐസിസി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജോജു വിഷയം പരിഹരിക്കാൻ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പാർട്ടിയെ സമീപിച്ചിരുന്നുവെന്നും ജോജുവിന്‍റെ പരാതിയിൽ ജയിലിൽ പോകാനും തനിക്ക് ഭയമില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു. സിപിഎം നടത്തുന്ന സമരമായിരുന്നുവെങ്കിൽ ജോജു ഇറങ്ങുമായിരുന്നോ എന്ന് ചോദിച്ച സുധാകരൻ ഗാന്ധിയൻ സമരവും അല്ലാത്തതും നടത്താൻ തനിക്കറിയാമെന്നും കണ്ണൂരിൽ പറഞ്ഞു.
Also Read: അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥിനി