കണ്ണൂർ: കോർപ്പറേഷനിൽ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് ഭരണം കൈവന്നിട്ടും കോൺഗ്രസ് ലീഗ് തർക്കം തുടരുകയാണ്. രണ്ടര വർഷം കഴിഞ്ഞാൽ മേയർ കസേര വേണം എന്നതിന് പുറമെ മൂന്ന് സ്ഥിരം സമിതിയും ലീഗ് ആവശ്യപ്പട്ടതോടെയാണ് പ്രശ്നം ഗുരുതരമായത്.
മൂന്ന് വർഷം കഴിഞ്ഞിട്ട് മേയർ കസേര വെച്ചുമാറുന്നത് തീരുമാനിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഡപ്യൂട്ടി മേയറാണ് അത് നിലവിൽ ലീഗിനാണ്. ഇതിന് പുറമെ ക്ഷേമകാര്യം, നഗരാസൂത്രണം, ആരോഗ്യം എന്നിവയാണ് ലീഗ് ആവശ്യപ്പെട്ടത്. ആരോഗ്യം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ച് നിന്നതോടെ ഉഭയകക്ഷി ചർച്ച വഴിമുട്ടി. മുസ്ലീം ലീഗിന് ഒരു സ്ഥിരം സമിതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ മേയർ കസേരയിൽ കോൺഗ്രസ് കടുംപിടുത്തം തുടർന്നതോടെയാണ് ലീഗും ബലം പിടിച്ചത്.
കഴിഞ്ഞ തവണത്തേക്കാൾ നാല് പേരുടെ അംഗസംഖ്യ കൂടുതലുള്ളതും ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ കണ്ണൂരിൽ യുഡിഎഫിന് ബലം നൽകിയത് ലീഗാണെന്നും അവർ ഉന്നയിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കോർപ്പറേഷനിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ ഇപ്പോൾ കിട്ടിയ തിളക്കത്തിന് മങ്ങലേൽക്കാൻ അത് കാരണമായേക്കുമെന്നും ചില നേതാക്കൾ വ്യക്തമാക്കുന്നു.