കണ്ണൂർ: ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ എംവി ഗോവിന്ദൻ. ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള ആഭ്യന്തര കലാപമാണ് യുഡിഎഫിൽ നടക്കുന്നത്. യുഡിഎഫ് കേരളത്തില്‍ അപകടകരമായ രീതിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം പരിയാരം അമ്മാനപ്പാറ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. അമ്മനപ്പാറയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ കേന്ദ്രങ്ങളിലെ ജീവനക്കാരെ നേരിൽ കണ്ട് ഗോവിന്ദൻ വോട്ടഭ്യർഥന നടത്തി. ഇടത് പക്ഷം തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് എല്ലാ ജനങ്ങളുടെയും ആഗ്രഹം. കോൺഗ്രസിലെ ആഭ്യന്തര കലാപം ഇടത് പക്ഷത്തിന്‍റെ വിജയം എളുപ്പമാക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് മാത്രമാണ് കേരളത്തിൽ കോൺഗ്രസിൽ നടക്കുന്നതെന്നും നാഥനില്ലാത്ത അവസ്ഥയാണ് യുഡിഎഫിലെന്നും അദ്ദേഹം കൂട്ടിചേർത്തു.
യുഡിഎഫ് സംഘടന അങ്ങേയറ്റം ദൗർഭാഗ്യകരമായ രീതിലേക്കാണ് പോകുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയമായ ഒരു നിലപാടും അവർക്ക് മുന്നിൽ ഇല്ല. അതിനാൽ എല്ലാം ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.