കണ്ണൂർ : പരിയാരം വായാട് വീട്ടുവളപ്പിലെ ചന്ദനമരം മോഷ്ടിക്കാൻ ശ്രമം നടന്ന സംഭവത്തില്‍ രാഷ്ട്രീയ ഇടപെടൽ നടന്നതായി കോൺഗ്രസ്. സംഭവം നടന്നിട്ട് ഒരാഴ്‌ചയ്ക്കിപ്പുറമാണ് വീട്ടുടമ പൊലീസിൽ പരാതി പോലും നൽകാൻ തയ്യാറായത്.
പരാതി ലഭിച്ച പരിയാരം പൊലീസ് ഐപിസി സെക്ഷൻ പ്രകാരം കേസെടുക്കാതെ വനം വകുപ്പിന് കൈമാറിയതിലും ദുരൂഹത ഉണ്ടെന്നാണ് ആരോപണം. പൊലീസ് നൽകിയ ഈ പരാതിയിൽ കേസെടുക്കാൻ വനം വകുപ്പിന് ചട്ടമില്ലെന്നും പരാതി തിരികെ നൽകിയെന്നും വനം വകുപ്പ് അറിയിച്ചു.
ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമിച്ചത് ജൂണ്‍ 18 ന്
ജൂൺ 18ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് വായാട് സ്വദേശിനി കാഞ്ഞിരങ്ങാടന്‍ തങ്ക എന്ന സ്ത്രീയുടെ വീട്ടുവളപ്പിലെ രണ്ട് ചന്ദ്രനമരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചത്. എന്നാല്‍ മരം വീഴുന്ന ശബ്ദം കേട്ട് അയൽവീട്ടുകാർ ഉണർന്നതോടെ 25 വര്‍ഷത്തിലേറെ പഴക്കമുള്ള മരത്തടികള്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ വന്ന വാഹനത്തില്‍ രക്ഷപ്പെട്ടു.
മരം മുറിക്കാൻ ഉപയോഗിച്ച കത്തിയും പ്രതിയുടെ ചെരുപ്പും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഉടമസ്ഥർ പരാതി നൽകാൻ വൈകിയതും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കാത്തതും രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നാണ് ആരോപണമുയരുന്നത്.
ALSO READ: കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം
സംഭവം ഉണ്ടായി ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകാൻ പോലും തയ്യാറായത്. ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താതെ പൊലീസ് വനം വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്‌തത്.
വനം വകുപ്പിന് കൈമാറുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ് പരിയാരം പൊലീസിന്‍റെ വിശദീകരണം. അതിക്രമിച്ച് കയറിയുള്ള മോഷണ ശ്രമമായതിനാൽ പൊലീസ് അന്വേഷണം നടത്തണമെന്നും വനം വകുപ്പിന് അല്ലാതെ നടപടികൾ എടുക്കാൻ കഴിയില്ലെന്നും തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.