കണ്ണൂര്‍ : പൊതുവേദിയില്‍ കൊമ്പ് കോര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പികെ രാഗേഷ്. മുന്‍ മേയര്‍ ടിഒ മോഹനനും ഡെപ്യൂട്ടി മേയര്‍ കെ ഷബീനയും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലേക്കെത്തിയാണ് പികെ രാഗേഷ് ബഹളമുണ്ടാക്കിയത്. കോര്‍പറേഷന്‍ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലേക്ക് അനുവാദമില്ലാതെ എത്തുകയായിരുന്നു പികെ രാഗേഷ്.
സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍ കോര്‍പറേഷന്‍ ഭരണ സമിതിക്കും ടിഒ മോഹനനും എതിരെ കഴിഞ്ഞ ദിവസം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ വിശദീകരണം നല്‍കുമ്പോഴാണ് പികെ രാഗേഷ് ഹാളിലെത്തി ബഹളംവച്ചത്. ഹാളില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ടും മാധ്യമങ്ങളോട് രാഗേഷ് സംസാരിക്കുകയായിരുന്നു. ഇതിനിടെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു ഇളയാവൂര്‍ രാഗേഷിനെ തടഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല.
തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞതോടെ തങ്ങള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം അവസാനിച്ചുവെന്ന് അറിയിച്ച് ടിഒ മോഹനനും ഡെപ്യൂട്ടി കലക്‌ടര്‍ ഷബീനയും പുറത്തേക്കിറങ്ങി. ക്ഷണിക്കാത്ത വാര്‍ത്താസമ്മേളനത്തിലെത്തി സംസാരിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് രാഗേഷ് പൊട്ടിത്തെറിച്ചു. ''ജയരാജന് മറുപടി നൽകേണ്ട വാര്‍ത്താസമ്മേളനം യുഡിഎഫ് ഓഫിസിലോ ഡിസിസി ഓഫിസിലോ വച്ചാണ് നടത്തേണ്ടത്. കൗൺസിൽ ഹാളിൽ നടത്തിയാൽ ഇനിയും ഇടപെടുമെന്നും രാഗേഷ് പറഞ്ഞു. ഇതിൽ ഒരു ഔചിത്യ കുറവുമില്ലെന്നും മാധ്യമങ്ങള്‍ എന്തുവേണമെങ്കിലും വ്യാഖ്യാനിച്ചോളൂവെന്നും'' രാഗേഷ് പറഞ്ഞു(Kannur Corporation Issue).
സിപിഎം ആരോപണം ഇങ്ങനെ : ജനാധിപത്യ വ്യവസ്ഥയിലെ ഏകാധിപതിയാണ് കണ്ണൂർ കോർപറേഷൻ മേയർ. അദ്ദേഹം പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നിട്ടില്ല. പദ്ധതി തുക 80 ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഫണ്ട് ലാപ്‌സാക്കിയെന്നും സിപിഎം ആരോപിച്ചു. സ്ഥാനം ഒഴിയുമ്പോള്‍ പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം നടത്തുക മാത്രമാണ് ചെയ്യുന്നത്.
ബന്ധുക്കളുടെ സ്വകാര്യ റോഡ് കോര്‍പറേഷന്‍ ആസ്‌തിയാക്കി മാറ്റിയെന്നും അഴിമതി മാത്രമാണ് മൂന്ന് വര്‍ഷവും നടന്നതെന്നുമുള്ള ആക്ഷേപം ഉന്നയിച്ചത് കോണ്‍ഗ്രസുകാരായ കൗണ്‍സിലര്‍മാരാണ് എന്നും എം.വി ജയരാജൻ പറയുന്നു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും പൈപ്പ് ലൈനിലൂടെ മലിനജലം ശേഖരിച്ച് ശുദ്ധീകരിക്കാനാണ് സര്‍ക്കാര്‍ അനുവദിച്ച 28 കോടി രൂപയുടെ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റ് മഞ്ചപ്പാലത്ത് സ്ഥാപിച്ചത് (Conflict In Kannur Corporation).
10 വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പൈപ്പ് ലൈന്‍ കണക്‌ട് ചെയ്യുക വഴി വന്‍കിടക്കാരെ സഹായിക്കുകയും കോടികള്‍ അഴിമതി നടത്തുകയുമാണ് ഉണ്ടായതെന്ന ആക്ഷേപം അതീവ ഗൗരവതരമാണ്. പ്ലാന്‍റിന് വേണ്ടി കുത്തിപ്പൊട്ടിച്ച മൂന്ന് റോഡുകള്‍ ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല.
ചേലോറയില്‍ ഖരമാലിന്യം നീക്കം ചെയ്യുന്ന സര്‍ക്കാര്‍ അനുവദിച്ച പദ്ധതിക്ക് 600 കോടി രൂപയാണ് മൊത്തം ചെലവ് വരിക. ആദ്യ കരാറുകാരനെ ഒഴിവാക്കി രണ്ടാമത്തെ കരാറുകാരനെ കോര്‍പറേഷനാണ് തെരഞ്ഞെടുത്തത്. മാലിന്യം നീക്കം ചെയ്യുകയല്ല മറിച്ച് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂമ്പാരമായിടുന്നതാണ് ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ കാണാന്‍ കഴിയുക.
ആദ്യ കരാറുകാരന് പദ്ധതി പൂര്‍ത്തീകരിക്കും മുമ്പ് നല്‍കിയ 60 ലക്ഷം രൂപ ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഏജന്‍റിനെ നിയോഗിച്ചാണ് ലൈസന്‍സ് ലഭ്യമാക്കുന്നതിലും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലും വിഹിതം കൈപ്പറ്റുന്നത്.
അങ്ങനെയുണ്ടാക്കിയ അഴിമതി പണം ഉപയോഗിച്ച് മേയര്‍ ബിനാമികളുടെ പേരില്‍ പലതും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്ന് വന്നിട്ടുണ്ട്. അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും അല്ലാത്തവരോട് പകപോക്കല്‍ സമീപനവുമാണ് മേയര്‍ സ്വീകരിച്ചിരുന്നത്.
അനധികൃത കെട്ടിടങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചിലര്‍ അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കലല്ല, പ്രസ്‌തുത ഫയലുകള്‍ മേയറുടെ അടുത്തെത്തിക്കുകയാണ് ശീലം. കെട്ടിട ഉടമയെ മേയറുടെ അടുത്തെത്തിക്കുകയാണ് വിവരാവകാശ നിയമപ്രകാരമുള്ള ചില അപേക്ഷകരുടെ ലക്ഷ്യം. ഇത്തരക്കാര്‍ ബിനാമി വിവരാവകാശ പ്രവര്‍ത്തകരാണ്.
മാലിന്യ വാഹനങ്ങളും പഴകിയ ഭക്ഷ്യവസ്‌തുക്കളും മറ്റും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്താല്‍ പിന്നീട് പല കേസുകളിലും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുന്നു. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചാല്‍ കര്‍ശന നടപടിയും സ്വീകരിക്കുന്നു. സാധാരണ നിലയിലെ മുന്നണി ധാരണ അനുസരിച്ച് മേയര്‍ പദവി രാജിവയ്ക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ട കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് യാത്രയയക്കുകയാണ് ചെയ്യാറ്.
എന്നാല്‍ ഉദ്ഘാടന വേദിയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തമ്മില്‍ മൈക്കിന് വേണ്ടി അടികൂടുകയായിരുന്നു. ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ വേദിയില്‍ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ മുദ്രാവാക്യം മുഴക്കി. സദസില്‍ നിന്ന് അനുയായികള്‍ അത് ഏറ്റുവിളിക്കുന്നതിനും പരിപാടി പൂര്‍ത്തീകരിക്കാതെ പിരിച്ചുവിടേണ്ടിവന്നതിനും കണ്ണൂര്‍ നിവാസികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുമുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.