കണ്ണൂർ: ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിന് സമീപം മണ്ണിട്ട് നികത്തിയ തോട് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘർഷം. യൂത്ത് ലീഗ് പ്രവർത്തകർ ഇരിക്കൂർ സിഐ വി.എസ്. നവാസ് ഉൾപ്പെടെയുള്ള പൊലീസുകാരെ കയ്യേറ്റം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.
ഇരിക്കൂർ ടൗണിൽ നിന്നും വണ്ടിത്താവളം മേഖലകളിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളമാണ് ഡയനാമോസ് ഗ്രൗണ്ടിന് സമീപത്തെ തോടിലൂടെ ഇരിക്കൂർ പുഴയിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ തോട് ഇരിക്കൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ മണ്ണിട്ട് നികത്തിയിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ ഇത് തുറക്കാനെത്തിയതാണ് സംഘർഷത്തിന് കാരണമായത്. സംഭവം തടയാൻ ശ്രമിച്ച പൊലീസിന് നേരെ കയ്യേറ്റം നടന്നു. സംഭവത്തിൽ പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനുമാണ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.