കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിലെ 34-ാം വാര്‍ഡായ ചാലത്തൂരിൽ എല്‍ഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായി പരാതി. ചാലത്തൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വ്യാപാരി വ്യവസായി സമിതി നേതാവ് കെ. എം. ലത്തീഫിന്‍റെ വീട്ടിൽ കയറി ബിജെപി പ്രവർത്തകർ ഭീക്ഷണിപ്പെടുത്തിയതായും സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയാണ് കുപ്പം ചാലത്തൂര്‍ റോഡില്‍ മുക്കോണം ബസ് സ്റ്റോപ്പിലും നാഗത്തിന്‍കീഴ് ബസ് സ്റ്റോപ്പിലും സ്ഥാപിച്ച ബോര്‍ഡുകൾ കത്തികൊണ്ട് കീറി നശിപ്പിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി പി. സുദര്‍ശനന്‍ മാസ്റ്ററുടെ പ്രചരണ പോസ്റ്ററുകൾ നശിപ്പിച്ചതായി ബിജെപിയും ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം സിഐ എന്‍. കെ സത്യനാഥന്‍റെ നേതൃത്വത്തില്‍ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കി. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയുണ്ടാകുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വാർഡിൽ മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥികളെയും തളിപ്പറമ്പ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യോഗം ചേരാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.