കണ്ണൂർ : കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ജോലി തെറ്റിദ്ധാരണ സൃഷ്‌ടിക്കലാണെന്നും വിരുദ്ധ ശക്തികളെ വിശ്വസിക്കുന്ന നിലയിൽ നിന്ന് ജനങ്ങൾ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പലരും പറഞ്ഞ് പ്രചരിപ്പിച്ചു. വികസനം തെറ്റായ നയമെന്ന പ്രതീതി സൃഷ്‌ടിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. 23-ാം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാർട്ടിയിൽ വ്യത്യസ്‌ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാൻ ശ്രമം നടന്നു. കേരള ലൈനുണ്ടെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ അഖിലേന്ത്യാനയമാണ് കേരളത്തിലെ പാർട്ടി നയമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് മാറ്റം പാടില്ലെന്ന ലക്ഷ്യമാണ് ചിലര്‍ക്ക്. ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയും ഇതര വികസന പ്രവർത്തനങ്ങളും എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത് തെറ്റായിപ്പോയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ALSO READ: ചരിത്രം തിരുത്തിക്കുറിച്ച് രാമചന്ദ്ര ഡോം ; സിപിഎം പിബിയിലെ ആദ്യ ദലിത് പ്രതിനിധി
ദേശീയപാത കൊണ്ട് മാത്രം യാത്രാ പരിഹാരമാകില്ല. നാടിന്‍റെ വികസനമാണ് ലക്ഷ്യമെങ്കിൽ സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കണം. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമെന്നും സർക്കാർ അത് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി എന്തും ആയിക്കോട്ടെ വികസനം മതി എന്ന് ചിന്തിക്കുന്നവരല്ല സർക്കാര്‍. അന്തി ചർച്ചക്കാരും എന്തും എഴുതുന്ന പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തി. എന്തെങ്കിലും പിപ്പിടി കാട്ടിയാൽ ഭയക്കുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.