കണ്ണൂർ: ജില്ലയിലെ ആദ്യ ലൈഫ് ഭവന സമുച്ചയത്തിന് കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. പ്രീ ഫാബ് സാങ്കേതിക വിദ്യയുപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന ലൈഫ് ഭവനസമുച്ചയത്തിനാണ് കടമ്പൂരിൽ തറക്കല്ലിട്ടത്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്കാണ് പാര്‍പ്പിട സമുച്ചയമൊരുങ്ങുന്നത്. പനോന്നേരി വെസ്റ്റില്‍ കടമ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ 41 സെന്‍റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവന സമുച്ചയത്തില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല. വീടിന്‍റെ ഓരോ ഭാഗവും പ്രത്യേകം തയ്യാറാക്കി തറയുടെ മുകളില്‍ ഉറപ്പിക്കുന്ന രീതിയാണ് പ്രീ ഫാബ് ടെക്‌നോളജി. പുതിയ തരം നിര്‍മാണവസ്‌തുക്കള്‍ ഉപയോഗിച്ച് പാരിസ്ഥിതിക സന്തുലനം പാലിച്ചുകൊണ്ട് കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിക്കുന്നു എന്നതാണ് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളുടെ മേന്മ. അതിനാല്‍ തന്നെ നിര്‍മാണ ചെലവ് കുറവായിരിക്കും. വീട് നിര്‍മാണം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഭൂമികുലുക്കം പോലുളള പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാന്‍ ഇത്തരം കെട്ടിടങ്ങള്‍ക്ക് കഴിയും. നിർമാണ രംഗത്തെ ഈ പുത്തൻ രീതി മാതൃകപരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്‍റെ മൂന്നാം ഘട്ടത്തില്‍ 2815 ഗുണഭോക്താക്കളാണുള്ളത്. ചിറക്കല്‍, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വര്‍ഷം ഏപ്രില്‍ മാസത്തോടു കൂടി ഭവന സമുച്ചയം നിര്‍മാണം ആരംഭിക്കും. ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 2675 വീടുകളുണ്ടായിരുന്നതില്‍ 2589 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 86 വീടുകള്‍ ഈ മാസം അവസാനത്തോട് കൂടി പൂര്‍ത്തീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.